തീറ്റപ്പുല്ല് ശേഖരിച്ചുകൊണ്ട് മാത്രം ജീവിതം കണ്ടെത്തുന്ന അയ്ഷ തീറ്റിപ്പോറ്റുന്നത് യജമാനൻമാരില്ലാത്ത നിരവധി വളർത്തുമൃഗങ്ങളേയും

news Saturday, April 09, 2016 - 16:12

കോട്ടയത്തെ കോടിമത പാലത്തിന് കീഴിൽ ഒരു ഷെഡിൽ ജീവിക്കുന്ന 48-കാരിയായ അയ്ഷാ രാജുവിന്റെ കുടുംബാംഗങ്ങൾ രണ്ട് പെൺമക്കളും പേരമക്കളുമാണ്. എന്നാൽ മറ്റ് ചില അംഗങ്ങൾ കൂടി ആ കുടുംബത്തിലുണ്ട്. പന്ത്രണ്ട് നായ്ക്കളും പൂച്ചകളും. വർഷങ്ങളായി അവയെ അഭയം നൽകി പോറ്റുകയാണ് അയ്ഷ.

തീറ്റപ്പുല്ല് ശേഖരിക്കുകയാണ് അയ്ഷയുടെ ജീവനോപാധി. പുല്ലുശേഖരിക്കുന്നതിനിടയിൽ ഉടമസ്ഥരാൽ ഉപേക്ഷിക്കപ്പെട്ടവയോ രോഗംവന്നതോ അപകടത്തിൽ മുറിവേറ്റതോ ആയ മൃഗങ്ങൾ അവരുടെ കണ്ണിൽപ്പെടും. 

്അയ്ഷയുടെ നായ്ക്കളിലൊന്ന് ഒരു ഡാഷ്ഹണ്ട് ആണ്. ' രോഗമായിരുന്നു അവന്. അവന്റെ ഉടമസ്ഥൻ അവനെ കുറേശ്ശെ കുറേശ്ശെ വിഷം നൽകി കൊല്ലുകയായിരുന്നു. എങ്ങനെയോ എന്റെ കണ്ണിലത് പെട്ടു. കൊല്ലുന്നതിന് പകരം അവനെ എനിക്ക് തന്നുകൂടേ എന്ന് ചോദിച്ചു' അയ്ഷ പറയുന്നു.

അമ്പതിലധികം നായ്ക്കളെ ഏതാനും വർഷങ്ങൾക്കുള്ളിൽ അയ്ഷ രക്ഷിച്ചിട്ടുണ്ടെന്ന് അവർ ഓർക്കുന്നു. ശ്രദ്ധ ആവശ്യമുള്ള മൃഗങ്ങളെ രക്ഷിക്കുന്ന അവരുടെ സ്വഭാവം നാട്ടുകാർക്കറിയാം. 'ഉപേക്ഷിക്കപ്പെട്ട നായ്ക്കളെ കണ്ടാൽ ആളുകൾ എന്നെ വിവരമറിയിക്കും. കഴിഞ്ഞ വർഷം അമ്പത് നായ്ക്കൾ എനിക്കുണ്ടായിരുന്നു. ഏറെയെണ്ണത്തിനെ ഞാൻ പലർക്കായി കൊടുത്തു..' അവർ പറഞ്ഞു. അടുത്തുള്ള ഒരു മൃഗാശുപത്രിയിലെ ഡോക്ടറാണ് അവർ കൊണ്ടുവരുന്ന നായ്ക്കളെ ചികിത്സിക്കുന്നത്. ചിലപ്പോൾ അവയെ നോക്കുന്നതിനാവശ്യമായ സാമ്പത്തിക സഹായവും ചെയ്യും-അയ്ഷ പറഞ്ഞു.

മൃഗങ്ങളിൽ മാത്രമൊതുങ്ങുന്ന ഈ ഭൂതദയയും സഹജീവിസ്‌നേഹവും. അപകടത്തിനിരയായ ഒരാളെ ഒരു മാസത്തോളം അവർ ശുശ്രൂഷിച്ചത് അയൽവാസിയായ സതീഷ് ഓർക്കുന്നു. 

'ബസ്സിടിച്ച് രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു ഒരാൾ. എല്ലാവരും വെറുതേ നോക്കിയിരുന്നപ്പോൾ അയ്ഷ അപകടത്തിലകപ്പെട്ടയാളെ എടുത്ത് ആശുപത്രിയിലെത്തിച്ചു. ആരും നോക്കാനില്ലാതിരുന്നതുകൊണ്ട് അയാളെ ഒരു മാസത്തോളം ആശുപത്രിയിൽ നിന്ന് അവർ ശുശ്രൂഷിച്ചുവെന്നതാണ്് ഞങ്ങൾക്ക് അത്ഭുതമായത്.' സതീഷ് പറഞ്ഞു.

പണമൊന്നും സ്വീകരിക്കാതെ അമ്മ ആളുകൾക്ക് ചെയ്യുന്ന ഈ സേവനത്തിൽ ഏറെ അഭിമാനമുണ്ട് അയ്ഷയുടെ മകളായ ആതിരയ്ക്ക്. ' ഒരു മടിയും കൂടാതെ അമ്മ അപകടത്തിൽ പെട്ടവരെ ആശുപത്രിയിലെത്തിക്കും. രക്തത്തിൽ കുളിച്ചുകിടക്കുന്നയാളുടെ ഫോട്ടോയെടുക്കാൻ താല്പര്യം കാണിക്കുന്നയാളുകളെ ഞാൻ കണ്ടിട്ടുണ്ട്. അമ്മ അവരെ ചീത്ത പറഞ്ഞോടിയ്ക്കും. പിന്നെ ആശുപത്രിയിലെത്തിക്കും.' ആതിര പറയുന്നു. 

ഇങ്ങനെ നിരവധി മൃഗങ്ങളെയും മനുഷ്യരേയും അയ്ഷ ശുശ്രൂഷിക്കാറുണ്ടെങ്കിലും, അവരുടെ കുടുംബം എന്നും സാമ്പത്തികഞെരുക്കത്തിലായിരുുന്നു. കടുത്ത ദാരിദ്ര്യത്തിലായിരുന്നു. ഭർത്താവ് രാജുവിന്റെ ആറുമാസം മുൻപുള്ള വിയോഗം വളരെ വേദനാജനകവുമായിരുന്നു. 

നിരവധി ജീവനുകളെ താൻ രക്ഷിച്ചിട്ടുണ്ട്. പക്ഷേ ഭർത്താവിന്റെ ജീവൻ രക്ഷിക്കാനായില്ല. ഇതാണ് അയ്ഷയുടെ ദു:ഖം. 'ഞങ്ങളുടെ വീട്ടുമുറ്റത്തെ മരക്കൊമ്പിൽ അദ്ദേഹം തൂങ്ങിമരിക്കുകയായിരുന്നു. അദ്ദേഹം മദ്യപിക്കുമായിരുന്നു. പക്ഷേ എന്തിനാണ് അദ്ദേഹം ജീവനൊടുക്കിയതെന്ന് അറിയില്ല. ' സങ്കടത്തോടെ അയ്ഷ പറഞ്ഞു. 

രാജുവിന്റെ മരണശേഷം അയ്ഷ തന്നെയാണ് മക്കളെ നോക്കുന്നത്. മക്കളിരുവരും അയ്ഷയുടെ കൂടെയാണ് കഴിയുന്നത്. മകൾ ആതിരയുടെ ഭർത്താവ് ഒരു വർഷം മുൻപ് മരിച്ചു. മൂന്നും രണ്ടും വയസ്സായ കുഞ്ഞുങ്ങളെ വീട്ടിലൊറ്റയ്ക്കാക്കി പോകാൻ നിവൃത്തിയില്ലാത്തതിനാൽ ജോലിക്ക് പോകുന്നില്ല. അച്ഛന്റെ മരണം ഏറെ തളർത്തിയ അഞ്ജന എന്ന മകൾ പിന്നെ വീടുവിട്ടിറങ്ങിയിട്ടില്ല. പുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്ന ഈ കുടുംബം ഏത് നിമിഷവും കുടിയൊഴിപ്പിക്കപ്പെടാമെന്ന ഭീഷണിയുടെ നിഴലിലുമാണ്. 

'അന്നന്നത്തെ അപ്പത്തിന് വേണ്ടി ഞങ്ങൾ ഏറെ ക്‌ളേശിക്കുന്നു. എല്ലാതിനുമപ്പുറം ഞങ്ങൾക്ക് ഈ മൃഗങ്ങളേയും തീറ്റിപ്പോറ്റേണ്ടതുണ്ട്. ഒന്നമർത്തിപ്പെയ്താൽ ഈ കുര ഇടിഞ്ഞുപൊളിഞ്ഞുവീഴും. ഈ ഭൂമിയിൽ നിന്ന് കുടിയൊഴിഞ്ഞുപോകാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുമുണ്ട്. ഈ കുട്ടികളുമായി എങ്ങോട്ടുപോകണമെന്ന് എനിക്കറിഞ്ഞുകൂടാ. അങ്ങനെ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. എന്നിരിക്കലും, നമുക്കാവുന്നത് നാം ചെയ്യണമെന്നതാണ് എന്റെ ബോധ്യം..' അയ്ഷ പറഞ്ഞു.

എന്നാലും പ്രതീക്ഷയ്ക്ക് വകയുണ്ട്. ഈയിടെ ഏഷ്യാനെറ്റ് ന്യസ് അവർക്ക് 40000 രൂപ സംഭാവന ചെയ്തിരുന്നു. അതിൽ നിന്ന് ഒരു ചില്ലിക്കാശ് പോലും ചെലവാക്കിയിട്ടില്ല. പുതിയൊരു വീടിന് വേണ്ടി ഞങ്ങളത് സമ്പാദ്യമായി വെച്ചിരിക്കുകകയാണ്' മകൾ ആതിര പറയുന്നു. 

 

Topic tags,

Become a TNM Member for just Rs 999!
You can also support us with a one-time payment.