പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചുവെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള പോസ്റ്റുകളിൽ സിനിമാരംഗത്തെ പ്രമുഖരുടെ ഫോട്ടോകൾ ഉപയോഗിച്ചതും അവരുടെ അനുമതിയില്ലാതെ

news Friday, April 01, 2016 - 15:29

മെയ് 16 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി പ്രചരണത്തിന് താരത്തിളക്കം വർധിപ്പിക്കാൻ സാമൂഹ്യമാധ്യമങ്ങളിലെ ബി.ജെ.പി അനുകൂലികളെന്ന് കരുതപ്പെടുന്നവർ പ്രയോഗിച്ച പൊടിക്കൈ ബി.ജെ.പിക്ക് വിനയാകുന്നു. പ്രഥ്വിരാജ്, നീരജ് മാധവൻ, ബാലചന്ദ്രമേനോൻ, ഗായത്രി അശോകൻ എന്നിവർ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന മട്ടിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതാണ് വിവാദമായത്. തന്റെ പിന്തുണ അവകാശപ്പെട്ടുകൊണ്ട്് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്ന തിണ്ണമിടുക്കൻമാരെ രഹസ്യ ബുദ്ധിജീവികൾ എന്നാണ് നടൻ പ്രഥ്വിരാജ് വിശേഷിപ്പിച്ചത്. പ്രഥ്വിരാജിന്റെ ഫേസ്ബുക്ക് പ്രതികരണം താഴെ:

'കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആസന്നമായ തെരഞ്ഞെടുപ്പിിൽ വിവിധ പാർട്ടികളെ പിന്തുണച്ചുകൊണ്ട് ഞാൻ നടത്തിയ പ്രസ്താവന എന്ന നിലയിൽ സാമൂഹ്യമാധ്യമങ്ങളിൽ സന്ദേശങ്ങൾ പ്രചരിക്കുന്നതായി ഞാൻ കാണുന്നു. സാമൂഹ്യവും രാഷ്ട്രീയവുമായ കാര്യങ്ങളിൽ എനിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെങ്കിലും ഇപ്പറഞ്ഞ, ഞാൻ പറഞ്ഞതായി കാണുന്ന കാര്യങ്ങളൊന്നും എന്റെ അഭിുപ്രായമല്ല. അതെല്ലാ്ം അജ്ഞാതമായ ഓൺലൈൻ കർതൃത്വത്തിന് പിന്നിൽ മറഞ്ഞിരുന്ന് അവരവരുടെ സൗകര്യത്തിനനുസരിച്ച് രാഷ്ട്രീയപ്രചാരണത്തിലേർപ്പെടുന്ന രഹസ്യബുദ്ധിജീവികളുടേതാണ്.'

(പ്രഥ്വിരാജിന്റെ പേരിലുള്ള മീം)

തന്റെ പിന്തുണ അവകാശപ്പെട്ടിട്ടുള്ള ബി.ജെ.പിയുടെ ഫേസ്ബുക്ക് പ്രചാരണത്തെ നടൻ നീരജ് മാധവനും തള്ളിപ്പറഞ്ഞു. 'ഞാൻ ഏതെങ്കിലും രാഷ്ട്രീയപാർട്ടിയെ പിന്തുണയ്ക്കുന്നുവെന്ന മട്ടിലുള്ള വ്യാജവാർത്തയാണ് പ്രചരിക്കുന്നത്. അതാരുടെയോ ഭാവനാസൃഷ്ടിയെന്ന നിലയിൽ ഞാനത് തള്ളിക്കളയുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളോടുമുള്ള എന്റെ ബഹുമാനം നിലനിർത്തിക്കൊണ്ടുതന്നെ പറയട്ടെ, രാഷ്ട്രീയത്തിൽ ഇടപെടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഒരു പാർട്ടിയേയും ഞാൻ പിന്തുണയ്ക്കുന്നുമില്ല.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മോഹൻലാൽ, അജിത്, ബാലചന്ദ്രമേനോൻ, രഞ്ജി പണിക്കർ, പ്രവീണ, നീരജ് മാധവൻ, പ്രഥ്വിരാജ് തുടങ്ങി നിരവധി തെന്നിന്ത്യൻ താരങ്ങളുടെ പിന്തുണയുണ്ടെന്ന് സാമൂഹ്യമാധ്യമങ്ങളിലും മറ്റും പ്രചരിപ്പിച്ചിരുന്നു.

താൻ തന്റെ രാഷ്ട്രീയനിലപാട് ഇനിയും പ്രഖ്യാപിച്ചി്ട്ടില്ലെന്ന് അറിയിച്ച് ബാലചന്ദ്രമേനോൻ ഒരു വിഡിയോ തന്നെയാണ് പ്രതികരണമായി ഇന്റർനെറ്റിൽ നൽകിയത്. എന്തായാലും പാർട്ടിയെ പിന്തുണക്കുന്നവരുടെ ഉത്തരവാദിത്വരഹിതമായ നടപടിയെ എങ്ങനെ ന്യായീകരിക്കണമെന്നറിയാതെ അമ്പരന്നിരിക്കുകയാണ് ബി.ജെ.പി നേതൃത്വം.

ബി.ജെ.പി. മാത്രമല്ല, ഇടതുപാർട്ടികളുടെ അമിതോത്സാഹികളായ പ്രവർത്തകരും ഇത്തരത്തിൽ പ്രശസ്തരെ ഉദ്ധരിച്ച് പോസ്റ്റ് ചെയ്യുന്നുണ്ട്.  ഒന്നിലധികം മുന്നണികൾ തങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് പ്രഖ്യാപിച്ച ഗായത്രി അശോകനും ഈ പ്രചരണങ്ങളെ തള്ളിക്കളഞ്ഞു.: ' ഒരു രാഷ്ട്രീയപാർട്ടിയുമായും എനിക്ക് ബന്ധമില്ല. ഞാൻ ഒരു പ്രത്യേക പാർട്ടിക്ക് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചതായി ഫേസ്ബുക്കിലും വാട്ട്‌സാപ്പിലും ചിത്രങ്ങൾ സഹിതം പ്രചരിക്കുന്നുണ്ട്. എന്റെ അനുമതിയില്ലാതെയാണ് അവർ ആ ചിത്രങ്ങൾ ഉപയോഗിച്ചിട്ടുള്ളത്. അത്തരം വ്യാജപ്രചാരണങ്ങളിൽ നിന്ന് വിട്ടുനിൽക്കണം..' ഗായത്രി അശോകൻ പറയുന്നു.

 

Topic tags,

Become a TNM Member for just Rs 999!
You can also support us with a one-time payment.