അധികം വരുന്ന ഭക്ഷണം ഒരു നേരത്തെ ആഹാരത്തിന് വകയില്ലാത്തവർക്ക് എത്തിക്കാനുള്ള പദ്ധതിക്ക് മികച്ച പ്രതികരണമെന്ന് പപ്പടവട ഉടമസ്ഥ മിനു പൗളിൻ

news Monday, March 28, 2016 - 14:10

മലപ്പുറം മുനിസിപ്പാലിറ്റിക്കും കോഴിക്കോട് ജില്ലാ ഭരണകൂടത്തിനും പിറകേ വിശക്കാത്ത നഗരം എന്ന പദവി കൊച്ചിക്ക് കൂടി നൽകുന്നതിന് എറണാകുളത്തെ ഒരു പ്രമുഖ റസ്റ്റോറന്റ് പൊതു ശീതസംഭരണി സ്ഥാപിച്ച് മാതൃകയാകുന്നു. തനിക്കും തന്റെ കുടുംബത്തിനും ഒരുനേരത്തെ ആഹാരത്തിന് വകയില്ലാത്തവരെ സഹായിക്കുന്നത് ലക്ഷ്യമിട്ടാണ് നഗരത്തിലെ പ്രമുഖ തദ്ദേശീയ ഭക്ഷണശാലയായ 'പരിപ്പുവട' സ്ഥാപനത്തിന്റെ കലൂരിൽ പ്രവർത്തിക്കുന്ന ശാഖയുടെ മുന്നിൽ ശീതസംഭരണി സ്ഥാപിച്ചിട്ടുള്ളത്. അധികം വരുന്ന നല്ല ഭക്ഷണം ആവശ്യക്കാർക്കായി നാട്ടുകാർക്ക് ഇവിടെ സൂക്ഷിക്കാം. നൻമമരം എന്നാണ് ഈ പദ്ധതിക്ക് പേരിട്ടിട്ടുള്ളത്.

' ധാരാളം ആളുകൾ ഒരുപാട് ഭക്ഷണം പാഴാക്കിക്കളയുന്നതായി കണ്ടിട്ടുണ്ട്. ആ ആഹാരം പാഴാകാതെ ഉപയോഗപ്പെടുത്തുകയെന്നതാണ് എന്റെ ഉദ്ദേശ്യം.. ജനങ്ങൾക്ക് മിച്ചം വരുന്ന ഭക്ഷ്യയോഗ്യമായ ഭക്ഷണം ഇവിടെ കൊണ്ടുവന്ന് വയ്ക്കാം. അത് ഒരുനേരത്തെ ആഹാരത്തിന് വകയില്ലാത്തവർക്ക് പ്രയോജനപ്പെടുത്താം..' റസ്്‌റ്റോറന്റ് ഉടമ മിനു പൗളിൻ ദ ന്യൂസ്മിനുട്ടിനോട് പറഞ്ഞു. നിക്ഷേപിക്കുന്ന സമയത്തെ തിയതിയും സമയവും ഓരോ  ഭക്ഷണപ്പൊതിയിലും രേഖപ്പെടുത്തിയിരിക്കും. അങ്ങനെ ചെയ്യുന്നതുകൊണ്ട് ഒരുദിവസത്തിൽ കൂടുതൽ പഴക്കമുള്ള ഭക്ഷണം റഫ്രിജറേറ്ററിലുണ്ടാകില്ലെന്ന് ഉറപ്പുവരുത്താനാകും.

പടിഞ്ഞാറൻ രാജ്യങ്ങളിലെ കോഫി ഓൺ ദ വോൾ ആണ് തനിക്കിതിന് പ്രചോദനമായതെന്ന് മിനു പറയുന്നു. പിന്നീട് മലപ്പുറം മുനിസിപ്പാലിറ്റി പാവപ്പെട്ടവർക്ക് ഭക്ഷണം നല്കാനായി പൊതു ശീതസംഭരണി സ്ഥാപിക്കാൻ തീരുമാനിച്ചെന്ന വാർത്തയും വായിച്ചു.

'റഫ്രിജറേറ്ററിൽ ഭക്ഷണം നിക്ഷേപിക്കുന്നതിന് ആരും ഒരു പൈസയും ചെലവാക്കേണ്ടതില്ല. ബാക്കിവരുന്ന നല്ല ഭക്ഷണം തന്നെ ധാരാളമായുണ്ട്..' മിനു പറയുന്നു.

മാർച്ച് 23ന് ഉത്ഘാടനം ചെയ്ത നൻമ മരത്തിന് നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തന്റെ സംരംഭം നഗരത്തിലെ ദരിദ്രജനങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നുവെന്നതിൽ മിനുവിന് ചാരിതാർത്ഥ്യമുണ്ട്. 

450 ലിറ്ററാണ് റഫ്രിജറേറ്ററിന്റെ കപാസിറ്റി. അതിൽ റസ്റ്റോറന്റ് നൽകുന്ന 50 ഭക്ഷണപ്പൊതികൾ സ്ഥിരമായുണ്ടാകും. 

'കഴിഞ്ഞ മൂന്നുദിവസവും ഫ്രിഡ്ജ് നിറഞ്ഞുകവിഞ്ഞിരുന്നു. വൈകിട്ടോടെ ഒരൊറ്റപ്പൊതിയും അതിൽ അവശേഷിച്ചിരുന്നതുമില്ല. മിക്കവാറും കൂലിപ്പണിക്കാരാണ് അവ കൊണ്ടുപോയത്..' മിനു വിശദീകരിക്കുന്നു.

എല്ലാവർക്കും ഭക്ഷണമെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ നഗരത്തിലെ ചിലയിടങ്ങളിൽ ഭക്ഷണം നിക്ഷേപിക്കുന്നതിന് റഫ്രിജറേറ്ററുകൾ സ്ഥാപിക്കാൻ കഴിഞ്ഞവർഷം ജനുവരിയിലാണ് മലപ്പുറം മുനിസിപ്പാലിറ്റി അക്ഷയപാത്രം എന്ന പദ്ധതി ആരംഭിക്കുന്നത്.

 

Topic tags,

Become a TNM Member for just Rs 999!
You can also support us with a one-time payment.