ഈ വർഷത്തിന്റെ തുടക്കത്തിൽ തന്നെ കേരളത്തിൽ ഉയർന്ന അന്തരീക്ഷ താപനില രേഖപ്പെടുത്തിയിരുന്നു

Vernacular Thursday, March 24, 2016 - 19:37

ശുദ്ധജല ഉറവിടങ്ങൾ വറ്റിത്തുടങ്ങിയതോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ കുടിവെള്ളക്ഷാമമെന്ന് റിപ്പോർട്ടുകൾ. പുഴ, തോട്, കായൽ തുടങ്ങി ശുദ്ധജല ഉറവിടങ്ങളെ ജലാവശ്യങ്ങൾക്കായി കാര്യമായി ആശ്രയിക്കുന്ന ഗ്രാമപ്രദേശങ്ങളിലുള്ളവരെയാണ് കുടിവെള്ളക്ഷാമം ഏറ്റവുമധികം ബാധിച്ചിട്ടുള്ളത്. വെള്ളത്തിനായി മൈലുകൾ താണ്ടേണ്ട അവസ്ഥയിലാണ് നാട്ടിൻപുറത്തെ ജനങ്ങൾ. നഗരങ്ങളിലും സ്ഥിതി രൂക്ഷമാണ്. 

ഈ വർഷത്തിന്റെ തുടക്കത്തിൽ തന്നെ കേരളം പിന്നിട്ട ദശകത്തിലെ ഏറ്റവും കൂടിയ അന്തരീക്ഷ താപനിലയെ അഭിമുഖീകരിച്ചുതുടങ്ങിയെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. കഴിഞ്ഞ പലദിവസങ്ങളിലും പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. കണ്ണൂരും പകൽ താപനില 40 ഡിഗ്രിയോടടുത്ത് രേഖപ്പെടുത്തിയിരുന്നു. ബാക്കിജില്ലകളിൽ 35 ഡിഗ്രിയാണ് ശരാശരി താപനില. 

ഉപ്പുവെള്ളത്തിന്റെ ആധിക്യം

നഗരങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. കൊച്ചി, കണ്ണൂർ നഗരങ്ങളിൽ മുനിസിപ്പൽ കോർപറേഷന്റെ ജലവിതരണത്തിൽ ലവണാംശം വർധിച്ചുവരുന്നതായി അനുഭവസ്ഥർ പറയുന്നു. കര പ്രദേശത്തെ ശുദ്ധജലനിരപ്പ് കുറയുമ്പോൾ കടൽവെള്ളം കയറിവരുന്നതാണ് കാരണം. കൊച്ചിയിലെ കുന്നുംപുറം, ചെറായി, തുണ്ടിപ്പറമ്പ്, കഴുത്തുമുട്ട്, വൈപ്പിൻ തുടങ്ങി കൊച്ചിയിലെ പലയിടങ്ങളിലും ഇപ്പോൾ ഉപ്പുവെള്ളമാണ് ലഭിക്കുന്നത്. 

കഴിഞ്ഞ വേനലിൽ ഈ പ്രദേശങ്ങളിലെ ജലാശയങ്ങളിൽ ലിറ്ററിന് 1000 മില്ലിഗ്രാം ആയിരുന്നു ഉപ്പിന്റെ സാന്നിധ്യം. കുടിവെള്ളത്തിൽ ലിറ്ററിന് 250 മില്ലിഗ്രാമിന് താഴെയാണ് അനുവദനീയമായ അളവ്. 

നദികൾ വരളുന്നു

പാലക്കാട്, തിരുവനന്തപുരം നഗരങ്ങളിലൂടെയൊഴുകുന്ന പുഴകളും വരണ്ടു. ജലവിതരണത്തിൽ അതിനനുസരിച്ച് കുറവുമുണ്ടായി. താപനില ഇങ്ങനെ കൂടുന്ന പക്ഷം രൂക്ഷമായ ജലദൗർലഭ്യം എന്ന ഭീഷണിയുയർത്തുമെന്ന് സംസ്ഥാന ജലവിഭവ ഡിപാർട്‌മെന്റിന്റെ കീഴിലുള്ള കമ്യൂണിക്കേഷൻ ആന്റ് കപാസിറ്റി ഡെവ്‌ലപ്‌മെന്റ് (സിസിഡിയു) ഡയറക്ടർ ഡോ. വി. സുഭാഷ് ചന്ദ്രബോസ് പറയുന്നു.  

' തിരുവനന്തപുരം നഗരത്തിന്റെ ജലാവശ്യങ്ങൾ നിവർത്തിക്കുന്ന പ്ലാന്റുകളിലൊന്നായ അരുവിക്കരയിലെ പ്രതിദിനം 300 മില്യൺ ലിറ്റർ ജലം സംസ്‌കരിക്കുന്ന പ്ലാന്റിൽ ഇപ്പോഴുള്ളത് കഷ്ടിച്ച് ഒരു മാസത്തേക്കുള്ള വെള്ളമാണ്.' സുഭാഷ് ചന്ദ്രബോസ് പറഞ്ഞു.

കരമനയാറിലെ പേപ്പാറ അണക്കെട്ടിൽ നിന്നാണ് ഈ പ്ലാന്റിന് വെള്ളം കിട്ടുന്നത്. എപ്പോഴും ധാരാളം വെള്ളമുള്ളതെന്ന് പറയാറുള്ള ഈ ആറും അണക്കെട്ടും ഇപ്പോൾ വരണ്ട അവസ്ഥയിലാണ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തിന്റെ ചിത്രങ്ങൾ തെളിയിക്കുന്നത് അതാണ്. 

' നമുക്ക് ആകെ ലഭിക്കുന്ന മഴയുടെ 10 ശതമാനം വേനൽമഴയാണ്. ബാക്കി മൺസൂണിന്റെ രണ്ടുഘട്ടങ്ങളിലായും കിട്ടുന്നു. കിഴക്കുള്ള പർവതനിരകൾ നിമിത്തമാണ് നമുക്ക് മഴ കിട്ടുന്നത്. മഴക്കുറവിന് ഈ മലനിരകളിലെ വനനശീകരണവും കാരണമാകാം..' അദ്ദേഹം അഭിപ്രായപ്പെടുന്നു. 

'താപനില ഉയരുന്നത് ആദ്യം ഉപരിതലജലോറവിടങ്ങളെയാണ് ബാധിക്കു. പിന്നീടത് വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും നയിക്കുന്നു.' അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. ഒരു പ്രത്യേക ഇടത്ത് റബ്ബർ പോലുള്ള ഒറ്റവിളകൃഷികൾ മാത്രമുണ്ടാകുന്നതും, നഗരവൽക്കരണവുമൊക്കെ ജലഉറവിടങ്ങളെ സാരമായി ബാധിക്കും. 

കേരളം എന്തുചെയ്യണം?

'ഇത്തവണയും മഴ വേണ്ടത്ര കിട്ടിയില്ലെങ്കിൽ അടുത്ത വേനലിൽ നമുക്ക് ശുദ്ധജല ലഭ്യത ഒട്ടുമുണ്ടാകുകയില്ല. വരൾച്ച വരുമ്പോഴല്ല, വരൾച്ചയെക്കുറിച്ച് ചർച്ച ചെയ്യേണ്ടത്. ജലസമൃദ്ധിയുള്ളപ്പോഴാണ് നാം വരൾച്ചയെക്കുറിച്ച് ചർച്ച ചെയ്യേണ്ടത്. നല്ല മഴയുള്ളപ്പോഴാണ് നാം ജലസംരക്ഷണത്തെക്കുറിച്ച് ചിന്തിക്കേണ്ടത്. വെള്ളക്കൊയ്ത്തിന് നിരവധി മാർഗങ്ങളുണ്ട്. ഭാവിക്ക് വേണ്ടി നാം ജലം സംരക്ഷിക്കണം..' സുഭാഷ് പറയുന്നു.

മുപ്പതോ നാൽപതോ വർഷങ്ങൾക്ക് മുമ്പ് പശ്ചിമഘട്ടത്തിൽ മഴയായി പെയ്തിറങ്ങുന്ന ജലം അറബിക്കടലിൽ എത്തിയിരുന്നത് മൂന്നോ നാലോ ആഴ്ചകൾ കൊണ്ടായിരുന്നു. ഇപ്പോൾ ദ്രുതഗതിയിലുള്ള നഗരവൽക്കരണം നിമിത്തം രണ്ടുദിവസം പോലും അതിന് വേണ്ട.'  അതുകൊണ്ട് ദിനേനയെന്നോണം ജലം സംരക്ഷിക്കാനുള്ള പ്രകൃതിയുടെ കഴിവ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് മനുഷ്യൻ ബോധപൂർവമായ ഇടപെടൽ നടത്തി ജലസംരക്ഷണം ഉറപ്പുവരുത്തുകയെന്നത് നിർബന്ധമാക്കണം..' അദ്ദേഹം പറയുന്നു.

ആരെയാണ് കൂടുതൽ ബാധിക്കുന്നത്?

നല്ല വെയിലും മഴയും കൊണ്ട് അനുഗൃഹീതമാണ് കേരളം. ഇതാണ് നാടിനെ കൃഷിക്കനുയോജ്യവും ഫലഭൂയിഷ്ഠവുമാക്കുന്നത്. വരൾച്ചയ്ക്ക് തുല്യമായ അവസ്ഥ അതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ ഭീഷണി ഉയർത്തുന്നത് കർഷകർക്കാണ്.

2013ൽ വരൾച്ചകൊണ്ട് നെൽകൃഷിയിൽ മാത്രം 24.13 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സംസ്ഥാന കൃഷിവകുപ്പിന്റെ കണക്ക്. പാലക്കാട് ജില്ലയിൽ മാത്രം കാർഷിക മേഖലയിലെ ആകെ നഷ്ടം 33 കോടിയാണെന്ന് കണക്കാക്കപ്പെടുന്നു. 

2016ൽ ഇതിനകം 377 ഹെക്ടർ നെൽപ്പാടങ്ങൾ വരൾച്ചയിൽ നശിച്ചുവെന്നാണ് റിപ്പോർട്ടുകൾ. 530 കൃഷിക്കാരെ ഇത് ബാധിച്ചു.

ഈ വർഷാരംഭത്തിൽ തുടങ്ങിയ അന്തരീക്ഷ താപനിലയിലെ വർധന ഇനിയും മുകളിലേക്ക് പോയേക്കാം. പാലക്കാട് ജില്ലയെയാണ് ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ളതെങ്കിലും മറ്റ് ജില്ലകളിലും വരൾച്ച പിടിമുറുക്കിയിട്ടുണ്ട്. 

ബന്ധപ്പെട്ടവർ കടുത്ത നടപടികൾക്ക് മുതിരാത്ത പക്ഷം ദൈവത്തിന്റെ സ്വന്തം നാട് വൈകാതെ ജീവിക്കാൻ പറ്റാത്ത വിധം നരകമായി മാറിയേക്കാം.

 

 

 

 

Topic tags,

Become a TNM Member for just Rs 999!
You can also support us with a one-time payment.