
സാമൂഹ്യമാധ്യമങ്ങളിലൊന്നിൽ പ്രത്യക്ഷപ്പെട്ട മുഹമ്മദ് നബിയെക്കുറിച്ചുള്ള പ്രകോപനകരമായ ഒരഭിപ്രായം എടുത്തുനൽകിയതിൽ മാതൃഭൂമി ദിനപ്പത്രം മാപ്പുചോദിച്ചു. മുസ്ലിംകൾക്കിടയിലെ ബഹുഭാര്യാത്വത്തെപ്പറ്റിയും മുസ്ലിം വ്യക്തിനിയമത്തെക്കുറിച്ചും ജസ്റ്റിസ് കമാൽപാഷ നടത്തിയ അഭിപ്രായപ്രകടനങ്ങളോടുള്ള പ്രതികരണമായാണ് സാമൂഹ്യമാധ്യമങ്ങളിലൊന്നിൽ പ്രവാചകനെതിരെയുള്ള പ്രകോപനപരമായ അഭിപ്രായം പ്രത്യക്ഷപ്പെട്ടത്. ഇന്ത്യയിലെ മുസ്ലിം വ്യക്തിനിയമത്തിലെ സ്ത്രീവിരുദ്ധതയിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് കമാൽപാഷ മുസ്ലിംസ്ത്രീകൾക്ക് നാല് ഭർത്താക്കൻമാർ ഉണ്ടാകുന്നത് മുസ്ലിം പുരുഷൻമാർ സഹിക്കുമോ എന്നും ചോദിച്ചിരുന്നു.
കമാൽ പാഷയുടെ അഭിപ്രായങ്ങളോട് സാമൂഹികമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ട പ്രതികരണങ്ങൾ ബുധനാഴ്ച ആപ്‌സ് ടോക് എന്ന പംക്തിയിൽ മാതൃഭൂമിപ്പത്രത്തിന്റെ കോഴിക്കോട് എഡിഷനാണ് എടുത്തുനൽകിയത്. പോസ്റ്റുകളിലൊന്ന് മുഹമ്മദ് നബിയുടെ പേര് പറയാതെ ആറ് വയസ്സുള്ള ആയിശയെ വിവാഹം കഴിച്ചതിന് വിമർശിക്കുന്നതായിരുന്നു. ആയിശയെക്കുറിച്ചറിയാൻ ദ ഗാർഡിയൻ ഇവിടെ വായിക്കുക.
തുടർന്ന് രൂക്ഷമായ പ്രതികരണങ്ങളുടെ ബോംബുവർഷം തന്നെ പത്രത്തിന് നേരെയുണ്ടായി. മാതൃഭൂമി ക്ഷമ ചോദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ക്യാംപയിനുകളും സാമൂഹികമാധ്യമങ്ങളിലാരംഭിച്ചു.ബുധനാഴ്ച വൈകിട്ട് കോഴിക്കോട്ടുള്ള മാതൃഭൂമിയുടെ ഓഫിസിന് പുറത്ത് പ്രതിഷേധക്കാർ തടിച്ചുകൂടുകയും ചെയ്തു.
വൈകിട്ടോടെ പത്രത്തിന്റെ പസോഷ്യൽ മീഡിയാ എക്കൗണ്ടുകളിൽ മാപ്പുചോദിച്ചുകൊണ്ടുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയതിന് പത്രം മാപ്പുചോദിച്ചെന്ന വാർത്ത മാതൃഭൂമി ചാനലിലും സ്‌ക്രോൾ ചെയ്യപ്പെട്ടു.
കർക്കിടകമാസം പ്രമാണിച്ച് മാതൃഭൂമി പത്രം രാമായണത്തെ സംബന്ധിച്ച് നൽകിയ പംക്തിയിൽ എഴുത്തുകാരൻ ഡോ.എം.എം. ബഷീറിന്റെ കോളം പൊടുന്നനെ നിർത്തിയിരുന്നു.