ഇന്ത്യയില് നിന്നല്ല; ഇന്ത്യയ്ക്കകത്തുള്ള സ്വാതന്ത്ര്യമാണ് വേണ്ടത്: ജെ.എന്.യുവിനെ ഇളക്കിമറിച്ച് കനയ്യ

ഏകദേശം ഒരു മണിക്കൂര് സമയം അദ്ദേഹം വിദ്യാര്ത്ഥികളെ അഭിസംബോധന ചെയ്തു സംസാരിച്ചു.
ഇന്ത്യയില് നിന്നല്ല; ഇന്ത്യയ്ക്കകത്തുള്ള സ്വാതന്ത്ര്യമാണ് വേണ്ടത്: ജെ.എന്.യുവിനെ ഇളക്കിമറിച്ച് കനയ്യ
ഇന്ത്യയില് നിന്നല്ല; ഇന്ത്യയ്ക്കകത്തുള്ള സ്വാതന്ത്ര്യമാണ് വേണ്ടത്: ജെ.എന്.യുവിനെ ഇളക്കിമറിച്ച് കനയ്യ
Written by :

This article was originally published by the Malayalam news portal 'Azhimukham'. We are reproducing the same with due permission for our Malayali readers:

ഇന്ത്യയില്‍ നിന്നുള്ള സ്വാതന്ത്ര്യമല്ല, ഇന്ത്യയ്ക്കകത്തുള്ള സ്വാതന്ത്ര്യമാണ് വേണ്ടത്; രാജ്യദ്രോഹകുറ്റമാരോപിച്ച് ജയിലില്‍ അടച്ച ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ തന്റെ മോചനത്തിനുശേഷം നടത്തിയ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.

ഇന്നലെ ആറരയോടെയാണ് ഔപചാരികനടപടികളെല്ലാം പൂര്‍ത്തിയാക്കി കനയ്യ കുമാര്‍ മോചിതനായി പുറത്തിറങ്ങിയത്. കനയ്യയെ സ്വീകരിക്കാന്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ എത്തിയിരുന്നു. അവര്‍ വലിയ ആവേശത്തില്‍ കനയ്യയ്ക്കുവേണ്ടി മുദ്രാവാക്യങ്ങള്‍ വിളിച്ചു. സിപിഐയുടെ പാര്‍ട്ടി ഓഫിസില്‍ ചെന്ന് ഏതാനും നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയശേഷമാണ് കനയ്യ ജെഎന്‍യു കാമ്പസില്‍ എത്തിയത്. ഏകദേശം ഒരു മണിക്കൂര്‍ സമയം അദ്ദേഹം വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു സംസാരിച്ചു.


"തന്നെ പിന്തുണച്ചവര്‍ക്കെല്ലാം നന്ദി. ആരോടും വിദ്വേഷമില്ല, പകരംവീട്ടാനുമല്ല. എ.ബി.വി.പിയെ ഞങ്ങള്‍ ശത്രുക്കളായല്ല, പ്രതിപക്ഷത്തെപ്പോലെ കാണുന്നു. പുറത്തുള്ള എ.ബി.വി.പിക്കാരെ അപേക്ഷിച്ച് കാമ്പസിലെ പ്രവര്‍ത്തകര്‍ അല്‍പംകൂടി യുക്തിയുള്ളവരാണ്," കനയ്യ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. "പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി എനിക്ക് എതിര്‍പ്പുകളുണ്ട്. പക്ഷെ അദ്ദേഹം പറഞ്ഞത് സത്യമേവെ ജയതേ എന്നാണ്. അതിനോട് എനിക്ക് യോജിപ്പാണുള്ളത്." ജെ.എന്‍.യുവിനെതിരായ വേട്ട ആസൂത്രിതമാണെന്നും ഒക്യുപൈ യു.ജി.സി സമരവും രോഹിതിന് നീതിതേടിയുള്ള സമരവും അട്ടിമറിക്കുകയുമാണ് അവരുടെ ലക്ഷ്യമെന്നും കനയ്യ ആരോപിച്ചു.

"ജെ.എന്‍.യുവില്‍ പ്രവേശനം കിട്ടുക എളുപ്പമല്ല. അതു പോലെ തന്നെ ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികളെ നിശബ്ദരാക്കാനും കഴിയില്ല. ഇന്ത്യയില്‍ നിന്നുള്ള സ്വാതന്ത്ര്യമല്ല ആവശ്യപ്പെട്ടത്. ഇന്ത്യയ്ക്കകത്ത് സ്വാതന്ത്ര്യം വേണമെന്നാണ് പറഞ്ഞത്. അഴിമതിയില്‍ നിന്നും വിശപ്പില്‍ നിന്നുമാണ് സ്വാതന്ത്ര്യം ആവശ്യപ്പെട്ടത്. രാജ്യത്തിന് വേണ്ടി ധീരരക്തസാക്ഷിത്വം വഹിച്ച സൈനികരെയും അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരോടും തികഞ്ഞ ബഹുമാനമാണുള്ളത്."

"ഞാനൊരു ഗ്രാമത്തില്‍ നിന്നാണ് വരുന്നത്. അവിടെ ചിലര്‍ മാജിക് പരിപാടികള്‍ നടത്താറുണ്ട്. അവര്‍ മോതിരങ്ങള്‍ വില്‍പ്പനയ്ക്കുകൊണ്ടുവരും, ഈ മോതിരങ്ങള്‍ നിങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നാണ് പറയുന്നത്. ഈ മായാജാലക്കാരെപ്പോലെ വേറെ ചിലരും നമുക്കുണ്ട്. അവര്‍ കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നാണ് പറയുന്നത്, വികസനം എല്ലാവര്‍ക്കുമെന്നാണല്ലോ അവരുടെ വാദം. നമ്മള്‍ ഇന്ത്യക്കാരുടെ ഒരു പ്രശ്‌നം എല്ലാം വേഗത്തില്‍ മറന്നുപോകുമെന്നതാണ്. പക്ഷേ ഇപ്പോള്‍ നടക്കുന്ന നാടകം വളരെ വലുതാണ്. തെരഞ്ഞെടുപ്പ് സമയത്തെ ഭോഷത്തരങ്ങളൊക്കെ നമ്മള്‍ മറക്കില്ല."

"നിങ്ങള്‍ ഈ സര്‍ക്കാരിനെതിരെ സംസാരിക്കുന്നുണ്ടെങ്കില്‍ അവരുടെ സൈബര്‍ സെല്‍ നിങ്ങള്‍ക്കെതിരെ കൃത്രിമ വീഡിയോകള്‍ ഉണ്ടാക്കും. നിങ്ങളുടെ ഹോസ്റ്റലിലെ കോണ്ടങ്ങളുടെ എണ്ണമെടുക്കും. ഇവരുടെ ഐഡിയോളജിയെ ഈ രാജ്യത്തെ 69 ശതമാനം ജനങ്ങളും തള്ളിക്കളഞ്ഞതാണ്. വെറും 31 ശതമാനത്തെ മാത്രമാണ് ഇവര്‍ക്ക് വിഡ്ഡികളാക്കാന്‍ കഴിഞ്ഞത്."

"ഞാന്‍ മുഴുവന്‍ രാജ്യത്തോടായി പറയുകയാണ്, എന്ത് സ്വാതന്ത്ര്യമാണ് ഞങ്ങള്‍ ആവശ്യപ്പെട്ടതെന്ന്. ഞങ്ങള്‍ ആവശ്യപ്പെട്ട സ്വാതന്ത്ര്യം ക്യാപിറ്റലിസത്തില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ്, ബ്രാഹ്മണിസത്തില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ്, ജാതീയതയില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ്. ഈ തരത്തിലുള്ള സ്വാതന്ത്ര്യമാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്." കനയ്യ പറഞ്ഞു. 

"ജയിലില്‍ ആയിരുന്ന സമയത്ത് എന്നെ വൈദ്യപരിശോധനയ്ക്കും ഭക്ഷണം നല്‍കുന്നതിനുമൊക്കെ കൊണ്ടുപോയ പൊലീസ് കോണ്‍സ്റ്റബിളില്‍ നിന്നും മനസിലാക്കിയൊരു കാര്യമുണ്ട്, എന്നെപ്പോലുള്ള ജനങ്ങളെപ്പോലെ തന്നെ അവരും മലിനമായൊരു വ്യവസ്ഥതിയുടെ ഭാഗമായവരാണ്. ഞാനവരോട് എന്റെ കാഴ്ച്ചപ്പാടുകള്‍ വ്യക്തമാക്കിയപ്പോള്‍ അവര്‍ക്ക് മനസിലായി നമ്മള്‍ എന്തുതരം സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് ശബ്ദം ഉയര്‍ത്തിയതെന്ന്."

"മോദി മന്‍കീ ബാത്ത് എപ്പോഴും പറയുന്നു പക്ഷെ അദ്ദേഹം കേള്‍ക്കാന്‍ തയ്യാറാവുന്നില്ല. സീതാറാം യെച്ചൂരിയെയും രാഹുല്‍ ഗാന്ധിയെയും ഡി രാജയെയും കെജ്‌രിവാളിനെയും എന്റെ കൂടെ ദേശദ്രോഹിയാക്കി. രാജ്യദ്രോഹം' രാഷ്ട്രീയ ആയുധമായി പ്രയോഗിക്കപ്പെടുകയാണ്. ഈ സര്‍ക്കാരിനെ മൂന്ന് വര്‍ഷം കൂടെ നമ്മള്‍ സഹിക്കേണ്ടതുണ്ട്." താന്‍ മാധ്യമ വിചാരണയുടെ ഇരയാണെന്നും രാജ്യത്ത് വളരെ കുറച്ച് മാത്രമേ നല്ല മാധ്യമ പ്രവര്‍ത്തകരുള്ളതെന്നും കന്നയ്യ പറഞ്ഞു.

Related Stories

No stories found.
The News Minute
www.thenewsminute.com