ശീമാട്ടിക്കനുകൂലമായി വില നിശ്ചയിച്ചു

news Tuesday, February 23, 2016 - 20:05

കൊച്ചി മെട്രോക്ക് വേണ്ടി ശീമാട്ടിയുമായി ഉണ്ടാക്കിയ കരാറിലെ ക്രമക്കേടുകൾ വിവാദത്തിന് വഴിവെയ്ക്കുന്നു. കരാറിലെ ശ്രദ്ധേയമായ പൊരുത്തക്കേടുകൾ ചൂണ്ടിക്കാണിച്ച് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെ.എം.ആർ.എൽ) ഫിനാൻസ് വിഭാഗം കേരളഗവൺമെന്റിന് ഈയിടെ ഒരു കത്തയച്ചിരുന്നു.

കഴിഞ്ഞ വർഷം മാർച്ചിൽ 17 കോടി രൂപയ്ക്ക് ശീമാട്ടിയിൽ നിന്ന് 32 സെന്റ് ഭൂമി വാങ്ങിയിരുന്നു. ഒരു ആർ.ടി.ഐ അന്വേഷണത്തിൽ കെ.എം.ആർ.എൽ ഡയരക്ടർ (ഫിനാൻസ്) അബ്രഹാം ഉമ്മൻ ചില ക്രമക്കേടുകൾ ഉണ്ടെന്ന് സമ്മതിച്ചിരുന്നു. എറണാകുളം ജില്ലാ കളക്ടറായ എം.ജി.രാജമാണിക്കത്തിന് ഈ ക്രമക്കേടുകൾ വിശദീകരിക്കുക പ്രയാസമായിരിക്കുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. 

മറ്റുകരാറുകളിൽ നിന്ന് ശീമാട്ടി കരാറിനെ വ്യത്യസ്തമാക്കുന്നത് പ്രധാനമായും രണ്ടു മുഖ്യ വകുപ്പുകളാണെന്ന് എബ്രഹാം ചൂണ്ടിക്കാട്ടുന്നു.

ശീമാട്ടിക്കനുകൂലമായി വില നിശ്ചയിച്ചു

ഒന്നാമതായി ഭൂമിയുടെ വില നിശ്ചയിച്ച കാര്യത്തിലാണ് ഈ ക്രമക്കേട്. പ്രദേശത്ത് സെന്റിന് 52 ലക്ഷമാണ് കെ.എം.ആർ.എൽ നിശ്ചയിച്ചിട്ടുള്ള വില. പക്ഷേ കളക്ടറും ശീമാട്ടിയും തമ്മിലുണ്ടാക്കിയ കരാറിൽ സെന്റിന് 80 ലക്ഷം രൂപ ലഭിക്കുന്നതിന് ടെക്‌സ്റ്റൈൽ ഭീമന് അർഹതയുണ്ടെന്നാണ് പ്രത്യേക പരാമർശം. 

80 ലക്ഷം രൂപ സെന്റിന് ലഭിക്കണമെന്നും 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ ആക്ട് 30 പ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങൾക്കും ശീമാട്ടിക്ക് അർഹതയുണ്ടെന്നും, പ്രതിഷേധത്തോടെയാണ് 52 ലക്ഷം രൂപ ഉടമ കൈപ്പറ്റിയതെന്നും നടേ പറഞ്ഞ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. 

' വില്പന കരാറിൽ, കെ.എം.ആർ.എൽ പ്രതിഷേധത്തോടെയാണ് നിശ്ചയിച്ച വില സ്വീകരിച്ചതെന്നുമാത്രമല്ല, വിവാദമായ ഉപാധികൾ കളക്ടർ അംഗീകരിക്കുകയും ചെയ്തുവെന്നും പറയുന്നു. ശീമാട്ടി കാര്യങ്ങൾ നിയമപ്രകാരം നടക്കാൻ നിയമത്തിന്റെ വഴി തേടിയാൽ കെ.എം.ആർ.എൽ കനത്ത നഷ്ടം നേരിടും..' ഹൈക്കോടതി അഭിഭാഷകനും സാമൂഹികപ്രവർത്തകനുമായ ജെ.എസ് അജിത്കുമാർ ദ ന്യൂസ്മിനുട്ടിനോട് പറഞ്ഞു.

പൊതുമേഖലാ പദ്ധതികൾക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നത് രണ്ടുതരത്തിലാണെന്ന് അജിത് പറയുന്നു. ഒന്ന് കോടതി മുഖാന്തിരം ചർച്ചകളിലൂടെ ഭൂമി ഏറ്റെടുക്കുന്നു മറ്റൊന്ന് ഭേദഗതിചെയ്യപ്പെട്ട ഭൂമി ഏറ്റെടുക്കൽ ആക്ട് പ്രകാരവും. 

'രണ്ടാമത്തെ രീതിയിൽ, വിൽക്കുന്നയാൾക്ക് ഗുണകരമാകുന്ന നിരവധി ഉപവകുപ്പുകളുണ്ട്. ശീമാട്ടിയുടെ കാര്യത്തിൽ ചർച്ചയിലൂടെ വില നിശ്ചയിക്കുന്ന രീതിയാണ് പ്രയോഗിച്ചത്. പക്ഷേ ഭൂമി ഏറ്റെടുക്കൽ ആക്ടിലെ വകുപ്പുകൾ കളക്ടർ ഇക്കാര്യത്തിൽ ബാധകമാക്കിയതായി കാണുന്നു. ഇത് നിയമവിരുദ്ധമാണ്.' അജിത് വിശദീകരിക്കുന്നു.

മറ്റ് സ്വകാര്യവ്യക്തികളും വാണിജ്യസ്ഥാപനങ്ങളും കെ.എം.ആർ.എല്ലിന് ഭൂമി കൈമാറ്റം ചെയ്ത് സെന്റിന് 52 ലക്ഷം രൂപയ്ക്കാണെന്ന് റിപ്പോർട്ടുകൾ കാണിക്കുന്നു.  പക്ഷേ വ്യക്തമായും ശീമാട്ടിക്ക് മാത്രം കൂടുതൽ തുകയ്ക്കും മറ്റ് ആനുകൂല്യങ്ങൾക്കും അർഹതയുണ്ടെന്ന് വന്നു. 

' ചർച്ചയിലെത്തിച്ചേർന്ന തുകക്ക് പുറമേ ശീമാട്ടിക്ക് ആകെ തുകയുടെ 30 ശതമാനം ആശ്വാസധനമായും (ബലം പ്രയോഗിച്ച് ഭൂമി ഏറ്റെടുക്കുന്നതിന്) 10 ശതമാനം പലിശയും ശീമാട്ടിക്ക് കിട്ടും. ഒപ്പുവെച്ച കരാറിലെ വകുപ്പുകൾ പ്രകാരം നിയമമനുസരിച്ച് കിട്ടേണ്ടുന്ന അധികതുകയ്ക്ക് പുറമേ. ' അജിത് പറയുന്നു.

പതിവിലും കൂടുതൽ ആനുകൂല്യങ്ങൾ ശീമാട്ടിക്ക്

ശീമാട്ടിയുമായി ഉണ്ടാക്കിയ കരാർ തുടക്കം തന്നെ ഏറെ കൗതുകകരമാണ്. 'ടേ പറഞ്ഞ ഭൂമി വില്ക്കാൻ ഭൂവുൂടമ സമ്മതിച്ചിരിക്കുന്നു'എന്ന് മറ്റു കരാറുകൾ തുടങ്ങുമ്പോൾ ശീമാട്ടിയുടെ കരാർ തുടങ്ങുന്നത് 'ജില്ലാകളക്ടർ ഭൂമി വാങ്ങാൻ സമ്മതിച്ചിരിക്കുന്നു' എന്നാണ്. 

ഭൂമി ഏറ്റെടുക്കകൽ നിയമപ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങൾക്കും വിൽക്കുന്നയാൾ അർഹനാണെന്നുള്ളതിന് വ്യക്തമായ സൂചനയാണിത്. കൂടിയാലോചനകളിലൂടെയാണ് വില്പന നടന്നതെന്നും വില നിശ്ചയിച്ചതുമെന്നുമുള്ള ശീമാട്ടിയുടെയും കെ.എം.ആർ.എല്ലിന്റെയും പ്രഖ്യാപിത നിലപാടാണിന് വിരുദ്ധമാണിത്. 

'എന്നിട്ടും ശീമാട്ടിക്ക് ഒരു വിൽപനക്കരാർ ഉണ്ട്. കൂടിയാലോചനകളിലൂടെ നടത്തുന്ന ഒരിടപാടിന് മാത്രമേ വില്പനക്കരാർ ഉണ്ടാകൂ. പഴുതുനൽകുന്ന വകുപ്പ് ഉള്ളതുകൊണ്ട് അവർക്ക് കരാറുമായി കോടതിയെ സമീപിക്കുകയും കെ.എം.ആർ.എല്ലിൽ നിന്ന് ആവശ്യപ്പെട്ട തുക നേടിയെടുക്കുകയും ചെയ്യുക എന്നത് എളുപ്പമാണ്..' അജിത് കൂട്ടിച്ചേർക്കുന്നു.

ഈ കരാറിൽ മാത്രം എങ്ങനെ ഭൂമി കൈമാറ്റത്തിന്റെ ഉദ്ദേശ്യം വ്യത്യസ്തമായി?

കരാറിന്റെ നാലാം റിസൈറ്റലിൽ പ്രത്യക്ഷപ്പെടുന്ന ഒരു വൈരുദ്ധ്യമാണ് എതിർപ്പുയർത്തുന്ന മറ്റൊരു കാര്യം. അതിങ്ങനെയാണ് പറയുന്നത്

' കെ.എം.ആർ.എല്ലിന്റെ മറ്റൊരു ആവശ്യത്തിനുമല്ല, മെട്രോ റയിലിന് വേണ്ടിയാണ് ഇതുവരെ ഉപയോഗിക്കപ്പെട്ടുപോന്ന ഭൂമി കെ.എം.ആർ.എല്ലിന് വിൽക്കാൻ ഉടമസ്ഥൻ സമ്മതിച്ചിട്ടുള്ളത്..' 

ഭൂമിയുടെ മേൽ കെ.എം.ആർ.എല്ലിന് മാത്രമായിരിക്കും ഉടമസ്ഥാവകാശമെന്നും മറ്റേത് ആവശ്യത്തിനും കമ്പനിക്ക് ഉപയോഗിക്കാമെന്നുമുള്ള മുഖ്യകരാറിലെ വ്യവസ്ഥക്ക് വിരുദ്ധമാണിത്. 

എന്നാൽ ഏഴാംവകുപ്പ് വീണ്ടും കെ.എം.ആർ.എല്ലിന്റെ സമ്പൂർണ ഉടമസ്ഥാവകാശം പ്രഖ്യാപിക്കുന്നുണ്ട്. നിയമവിദഗ്ധർ ഇതൊരു വൈരുദ്ധ്യമായി കണക്കാക്കുന്നുമില്ല. എന്നാൽ കെ.എം.ആർ.എല്ലിന് ഇക്കാര്യത്തിൽ മറ്റൊരഭിപ്രായമാണുള്ളത്.

എന്നാൽ കെ.എം.ആർ.എൽ മാനേജിങ് ഡയരക്ടർക്ക് അയച്ച ഒരു വിശദീകരണക്കത്തിൽ കളക്ടർ എം.ജി. രാജമാണിക്കം എല്ലാ ആരോപണങ്ങളും നിഷേധിക്കുന്നു. 

നാലാം പ്രസ്താവനയെക്കുറിച്ച് വിശദീകരിക്കാൻ ജില്ലാ കളക്ടർ മിനക്കെടുന്നില്ലെങ്കിലും ഏഴാം വകുപ്പ് സമ്പൂർണാവകാശം കെ.എം.ആർ.എല്ലിന് നൽകുന്നതാണെന്നും ചൂണ്ടിക്കാണിക്കുന്നു. 

2013ലെ ആക്ടിലെ വകുപ്പുകൾ എങ്ങനെ കൂടിയാലോചനയിലൂടെ എത്തിച്ചേർന്ന വിൽപനക്കരാറിൽ ബാധകമായെന്നതിനെക്കുറിച്ചും കളക്ടർക്ക് ഉത്തരമില്ല. 

കരാറിനെ സംബന്ധിച്ച് ഒരു വിജിലൻസ് അന്വേഷണം വേണമെന്ന വാദം ന്യായമാണെന്ന് നിയമവിദഗ്ധർ കരുതുന്നു. കെ.എം.ആർ.എല്ലിലെ ചിലർക്കും ആരോപിക്കപ്പെട്ട ക്രമക്കേടിൽ പങ്കുണ്ടാകാം.

' തുകയുടെ 80 ശതമാനവും വിറ്റയാൾക്ക് കൈമാറിക്കഴിഞ്ഞു. കരാർ പരിശോധിക്കാതെ എങ്ങനെയാണ് അത് കെ.എം.ആർ.എല്ലിന് കൈമാറാനാകുക? അവരുടെ ഫിനാൻസ് വിഭാഗം കരാറിലെ വകുപ്പുകളെ സംബന്ധിച്ച് അജ്ഞരാണെങ്കിൽ തീർച്ചയായും കമ്പനിയിലെ ആരോ ചിലർക്കും അതിൽ പങ്കുണ്ടാകണം.' പേരു വെളിപ്പെടുത്താനാഗ്രഹിക്കുന്ന ഒരു നിയമോപദേഷ്ടാവ് ചൂണ്ടിക്കാട്ടി.

ഡെക്കാൻ ക്രോണിക്കിളിൽ രോഹിത് രാജിന്റെ ലേഖനം ഇവിടെ വായിക്കുക.

Topic tags,
Become a TNM Member for just Rs 999!
You can also support us with a one-time payment.