പീഡനത്തിനും അപമാനത്തിനും ഇരയായത് ബംഗലൂരുകാരിയുടെ അപകടമരണവുമായി ബന്ധമൊന്നുമില്ലാത്ത ടാൻസാനിയൻ വിദ്യാർത്ഥിനി

news Wednesday, February 03, 2016 - 18:26

വടക്കൻ ബംഗലൂരുവിലെ ഹെസരഗട്ടയിൽ 35 വയസ്‌സുള്ള സ്ത്രീ കാറപകടത്തിൽ മരിച്ചതിന് തൊട്ടുപിറകേ രോഷാകുലരായ ജനക്കൂട്ടം സംഭവവുമായി ബന്ധമൊന്നുമില്ലാത്ത ടാൻസാനിയൻ യുവതിയെ ആക്രമിക്കുകയും അവരുടെ ടീ-ഷർട്ട് വലിച്ചുകീറുകയും ചെയ്തതായി ആരോപണം. മറ്റൊരു അഫ്രികാൻ വിദ്യാർത്ഥി ഓടിച്ചിരുന്ന വാഹനമിടിച്ചായിരുന്നു ബംഗലൂരു സ്വദേശിനിയുടെ മരണം.

ആചാര്യ കോളെജിൽ ബിസിനസ് അഡ്മിനിസ്‌ട്രേഷൻ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിനിയായ അക്രമത്തിനിരയായ യുവതിക്ക് സംഭവവുമായി ബന്ധമൊന്നുമില്ലെന്ന് ഡെക്കാൻ ക്രോണിക്കിൾ പത്രം റിപ്പോർട്ട് ചെയ്യുന്നു.

ജനക്കൂട്ടം കാർ തീവെച്ചുനശിപ്പിക്കുകയും ചെയ്തു.

 

അപകടമുണ്ടാക്കിയതിന് അറസ്റ്റ് ചെയ്യപ്പെട്ട സുഡാനീസ് യുവാവും ടാൻസാനിയൻ വിദ്യാർത്ഥിനിയും തമ്മിൽ പരസ്പരം അറിയുകപോലുമില്ലെന്നാണ് ഓൾ ആഫ്രിക്കൻ സ്റ്റുഡൻസ് യൂണിയന്റെ നിയമോപദേഷ്ടാവ് ബോസ്‌കോ കവീസി പറയുന്നത്. 

അപകടം നടന്ന് അര മണിക്കൂറിന് ശേഷം ഒരു വാഗൺ–ആർ കാറിൽ ടാൻസാനിയൻ യുവതി തന്റെ സുഹൃത്തുക്കളുമൊത്ത് ആ വഴി വരികയായിരുന്നുവെന്ന് പത്രം റിപ്പോർട്ട് ചെയ്യുന്നു. ജനക്കൂട്ടം യുവതിയെ പലവട്ടം തല്ലുകയും അവരുടെ വസ്ത്രം കീറുകയും ചെയ്തു. പൊലിസ് കാഴ്ചക്കാരായി നോക്കിനിൽക്കുകയായിരുന്നുവെന്നും പറയുന്നു. യുവതിയെ രക്ഷിക്കാൻ ശ്രമിച്ച വേറൊരാളെയും ജനക്കൂട്ടം മർദ്ദിച്ചു. 

'യുവതി തന്റെ സുഹൃത്തുക്കൾക്കൊപ്പം വരികയായിരുന്നു. അപകടമുണ്ടാക്കിയ കാറിലുണ്ടായിരുന്നവരുടെ അതേ ഗ്രൂപ്പിൽ പെടുന്നവളാണ് ഈ യുവതിയെന്നും ജനം കരുതി. മറ്റ് മൂന്നുപേരും രക്ഷപ്പെട്ടെങ്കിലും ടാൻസാനിയൻ യുവതി ജനക്കൂട്ടത്തിന്റെ കൈയിൽ പെട്ടു. അവർ യുവതിയെ ഭീകരമായി മർദ്ദിച്ചു. യുവതി ധരിച്ചിരുന്ന ടീ-ഷർട്ട് കീറുകയും ചെയ്തു.' കവീസി ദന്യൂസ് മിനുട്ടിനോട് പറഞ്ഞു.

'ജനക്കൂട്ടത്തിന്റെ രോഷം മനസ്‌സിലാക്കാനാകും. പക്ഷെ എന്തുകൊണ്ടാണ് നിരപരാധിയായ ഒരു യുവതിയെ കൈകാര്യം ചെയ്യാൻ മുതിർന്നത്?' കവീസി ചോദിച്ചു.

ടാൻസാനിയൻ യുവതി സംഭവത്തെക്കുറിച്ച് പൊലിസിൽ പരാതിപ്പെട്ടിട്ടും പൊലിസ് പരാതി സ്വീകരിക്കാൻ കൂട്ടാക്കിയില്ല. പകരം, അവരുടെ കസ്റ്റഡിയിൽ തന്നെയുള്ള സുഡാനീസ് യുവാവിനെ ഹാജരാക്കാനാണ് പൊലിസ് യുവതിയോട് ആവശ്യപ്പെട്ടത്.

'ജനക്കൂട്ടത്തിലാരോ മാനം രക്ഷിക്കാനായി അവർക്ക് ഒരു ടീഷർട്ട് നൽകിയപ്പോൾ അയാളെയും ജനം മർദിച്ചു. സംഭവത്തിനിടയിൽ ഒരു ബി.എം.ടി.സി. ബസ് വേഗം കുറച്ചെത്തി. കീറിപ്പറഞ്ഞ വസ്ത്രങ്ങളുമായി ബസ്‌സിൽ ചാടിക്കയറി രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ യാത്രക്കാർ തള്ളിത്താഴെയിടുകയാണ് ചെയ്്തത്.' കവീസി പറഞ്ഞു.

 

Topic tags,
Become a TNM Member for just Rs 999!
You can also support us with a one-time payment.