.jpg?auto=format%2Ccompress&fit=max)
രാജ്യത്ത് വിവാദക്കൊടുങ്കാറ്റ് തീര്‍ത്ത രോഹിത് വെമുലയുടെ ആത്മാഹുതിക്ക് രണ്ടുദിവസത്തിന് ശേഷം ബി.ജെ.പി അനുഭാവികളുടെയും വലതുപക്ഷക്കാരുടെയും കുതുകികളായ മറ്റ് അനുവാചകരുടെയും റീട്വീറ്റുകളിലൂടെയും റീപോസ്റ്റുകളിലൂടെയും ഇന്റര്‍നെറ്റില്‍ ഏറെ അസ്വസ്ഥതയുണ്ടാക്കുന്ന ഒരു ' എക്‌സ്‌പോസെ' പ്രചരിച്ചു. ആ ' എക്‌സ്‌പോസെ' ഉയര്‍ത്തിയ ചോദ്യം ഇതായിരുന്നു: ' രോഹിത് വെമുല യഥാര്‍ത്ഥത്തില്‍ ഒരു ദലിതനായിരുന്നോ? അല്ല എന്ന് ചിലര്‍ തറപ്പിച്ചുപറഞ്ഞു. രോഹിതിനെ ഒരു ദലിതനായി ഉയര്‍ത്തിക്കാട്ടിയത് മാധ്യമലോകത്തിന് പറ്റിയ അബദ്ധമായിരുന്നെന്നും.
തെളിവെന്ന നിലയില്‍ ജാതി സര്‍ട്ടിഫിക്കറ്റിന്റെ ഒരു സ്‌നാപ്‌ഷോട്ട് നല്‍കപ്പെട്ടു. എന്നാല്‍ തെലുഗുഭാഷയിലുള്ള സര്‍ട്ടിഫിക്കറ്റിന്റെ ഉറവിടമേതെന്ന് വ്യക്തമല്ല. രോഹിതിന്റെ അമ്മ വെമുല രാധിക അവരുടെ മറ്റൊരു മകന്‍ വെമുല രാജ ആന്ധ്രപ്രദേശില്‍ പിന്നാക്കവിഭാഗമായി കണക്കാക്കപ്പെടുന്ന വഡ്‌ഢേര ജാതിയില്‍ പെടുന്നയാളാണെന്ന് പ്രഖ്യാപിക്കുന്ന സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിട്ടതായി അത് കാണിക്കുന്നു. സര്‍ട്ടിഫിക്കറ്റ് താഴെ:
രോഹിതിന്റെ അച്ഛന്‍ വഡ്‌ഢേര ജാതിയില്‍ പെടുന്നയാളാണെന്ന് രോഹിതിന്റെ അച്ഛന്റെ വഴിയിലുള്ള മുത്തശ്ശി വ്യക്തമാക്കുന്ന, ആരോ ഒരാളെടുത്ത ഒരു ഇന്റര്‍വ്യൂവും തെളിവായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്: വിഡിയോ കാണാം:
ഗൂഢാലോചനസിദ്ധാന്തക്കാര്‍ക്ക് ഇത് വിമര്‍ശിക്കുന്നതിനും ചീത്തവിളിക്കുന്നതിനുമൊക്കെയപ്പുറമുള്ള ഒരായുധമാണ്.അതുകൊണ്ട് ഈ സന്ദര്‍ഭം അവര്‍ക്ക് നന്നായി ഉപയോഗിക്കാവുന്നതാണ്. പക്ഷേ സ്വാഭാവികമായി ചില ചോദ്യങ്ങള്‍ ഉയരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കേട്ടുകേള്‍വിയില്ലാത്ത ഒരു കാര്യമൊന്നുമല്ലല്ലോ?
ഇതേതുടര്‍ന്ന് ചില മാധ്യമപ്രവര്‍ത്തകര്‍ രോഹിതിന്റെ കുടുംബവുമായും ചങ്ങാതിമാരുമായും ബന്ധപ്പെട്ടു. കാര്യമെന്താണെന്ന് തിരക്കി. അത്തരത്തിലുള്ള ചോദ്യങ്ങള്‍ അവരെ സംബന്ധിച്ചിടത്തോളം തീര്‍ച്ചയായും അസുഖകരമായിരുന്നു. പക്ഷേ അവയ്ക്ക് ഉത്തരങ്ങളുണ്ടായിരുന്നു.
ആന്ധ്രപ്രദേശ് ഗവണ്‍മെന്റ് നല്‍കിയ രോഹിതിന്റെ സ്വന്തം ജാതി സര്‍ട്ടിഫിക്കറ്റായിരുന്നു ആദ്യ തെളിവ്. എന്‍.ഡി.ടി.വിയുടെ ഉമാസുധീറാണ് അതാദ്യം ട്വീറ്റ് ചെയ്തത്. സംസ്ഥാനത്ത് പട്ടികജാതിയായി കാറ്റഗറൈസ് ചെയ്യപ്പെട്ട മാല ജാതിയില്‍ പെടുന്നയാളാണ് രോഹിത് എന്ന് ഇത് വ്യക്തമായും പ്രസ്താവിക്കുുന്നു. ആ സര്‍ട്ടിഫിക്കറ്റ് താഴെ:
പക്ഷേ ചോദ്യങ്ങള്‍ അവിടെ അവസാനിക്കുന്നില്ല യൂണിവേഴ്‌സിറ്റിയില്‍ ചേരുന്നതിന് മുന്‍പേ രോഹിതിന് അത്തരമൊരു സര്‍ട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിക്കൂടേ? എന്തുകൊണ്ടാണ് രോഹിതിന്റെ സഹോദരന്‍ പിന്നാക്കജാതിക്കാരനാണെന്ന് മറ്റൊരുസര്‍ട്ടിഫിക്കറ്റ് കാണിക്കുന്നത്? അപ്പോള്‍ ആരാണ് നുണ പറയുന്നത്?
ഞങ്ങള്‍ അമ്മയോട് ചോദിച്ചു. എന്താണ് അവര്‍ക്ക് ഇതേക്കുറിച്ച് പറയാനുള്ളതെന്ന് ന്യൂസ് മിനുറ്റിന് മാത്രമായി നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്, ' ഞാന്‍ മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുമ്പോള്‍ എന്റെ ഭര്‍ത്താവ് എന്നെ ഉപേക്ഷിച്ചിട്ടുപോയി. എന്റെ കുട്ടികള്‍ അവരുടെ അച്ഛനെ തിരിച്ചറിയുകപോലുമില്ല. പട്ടികജാതി വിഭാഗത്തില്‍ പെട്ട മാല ജാതിക്കാരിയാണ് ഞാന്‍. ഭര്‍ത്താവാകട്ടെ, വഡ്‌ഢേരയും..'
അഭിമുഖത്തിന്റെ വിഡിയോ ഇവിടെ:
രോഹിതിന്റെ അടുത്ത സുഹൃത്തുക്കളുമായും ഞങ്ങള്‍ ബന്ധപ്പെട്ടു. ഒരു വിശദീകരണത്തിനായി. അവരിലൊരാളായ ചിട്ടിബാബു പടവാള പറഞ്ഞതിങ്ങനെ, 'ഒരു സാമ്പ്രദായിക ഹിന്ദുവിന്റെ മൂഢവിശ്വാസമാണ് അച്ഛന്റെ ജാതി മ കനിലേക്ക് നിര്‍ബന്ധമായും യാന്ത്രികമായി കൈമാറ്റം ചെയ്യപ്പെടുന്നുവെന്നത്. നിയമം ഇക്കാര്യത്തില്‍ ഏറെ ബോധമുള്ള ഒന്നാണ്. വ്യത്യസ്തമായ ജാതികളില്‍ പെട്ട ദമ്പതിമാരുടെ മക്കള്‍ക്ക് അവരുടെ മാതാപിതാക്കളില്‍ ഏതെങ്കിലുമൊരാളുടെ ജാതി സ്വീകരിക്കാവുന്നതാണ്. ഹിന്ദുത്വം ആദര്‍ശമായ മൈതാനപ്രസംഗകര്‍ ഹിന്ദു അജ്ഞതയെ ചൂഷണം ചെയ്യുന്നത് മനസ്‌സിലാക്കാം. അംഗീകരിക്കാനാകില്ലെങ്കിലും. എന്നാല്‍ പരിശോധിച്ചറിയാന്‍ മെനക്കെടാതെ തെറ്റായ ഒരു കാര്യത്തിനായി മാധ്യമങ്ങള്‍ സമയവും സ്ഥലവും നീക്കിവെയ്ക്കുന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം. മാധ്യമവിമര്‍ശനത്തിന്റെ കണ്ണില്‍.'
അദ്ദേഹം ഉന്നയിച്ച പ്രധാനകാര്യം ഇതാണ് രോഹിതിന്റെ അച്ഛന്‍ വഡ്‌ഢേരയായിരുന്നു. അമ്മ മാലയും. മാല ജാതിയില്‍ തുടരാനാണ് രോഹിത് തീരുമാനിച്ചത്. ഒരു ദലിതനായി തുടരാന്‍. നിയമം അത് അനുവദിക്കുന്നുണ്ട്.
രോഹിതിന്റെ അമ്മയുടെ ജാതി സംബന്ധിച്ച ജാതി സംബന്ധിച്ച കുടുതല്‍ തെളിവെന്ന നിലയ്ക്ക് അവരുടെ സര്‍ട്ടിഫിക്കറ്റും സര്‍ക്കുലേറ്റ് ചെയ്യപ്പെട്ടു ഇന്‍ഡ്യാ ടുഡേയുടെ ടി.എസ് സുധീര്‍ ഈ സര്‍ട്ടിഫിക്കറ്റ് ട്വീറ്റ് ചെയ്തവരില്‍ ഉള്‍പ്പെടുന്നു. ഒരു ദലിത് ആണ്, മാല ജാതിക്കാരിയാണ് രാധികയെന്ന് ഇത് വ്യക്തമാക്കുന്നുണ്ട്.
തങ്ങളുടെ മാതാപിതാക്കള്‍ വെവ്വേറെ കഴിയുന്നുവെന്ന് രോഹിതിന്റെ സഹോദരന്‍ ചില മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്തായിരിക്കും ആ ദാമ്പത്യത്തിന്റെ നിയമപരമായ അവസ്ഥയെന്തെന്ന് റിയില്ലെന്നും. സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും അവകാശവാദങ്ങളെ ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ ചീഫ് മെഡിക്കല്‍ ഓഫിസറും ശരിവെയ്ക്കുന്നു. ' ശരിയാണ്. രോഹിതിന്റെ അമ്മ പട്ടികജാതിയായ മാലയില്‍ പെടുന്നു. അച്ഛന്‍ പിന്നാക്കവിഭാഗത്തില്‍പെട്ട വഡ്‌ഢേരയും. പക്ഷേ, മാലയായി തുടരാനായിരുന്നു രോഹിതിന്റെ തീരുമാനം.'
രോഹിത് തീര്‍ച്ചയായും ഒരു ദലിതനായിരുന്നു. അച്ഛന്‍ ഉപേക്ഷിച്ചിട്ടുപോയതുകൊണ്ട് ദലിതനായി തുടരാന്‍ രോഹിത് അമ്മയുടെ ജാതി തെരഞ്ഞെടുത്തു.
പൊതുസംവാദത്തില്‍ രോഹിതിന്റെ ജാതി ഉന്നയിക്കപ്പെടുന്നത് ഗുണം ചെയ്യുമായിരുന്നിട്ടും ഗവണ്‍മെന്റോ, ബി.ജെ.പിയോ, യൂണിവേഴ്‌സിറ്റിയോ ഈ പ്രശ്‌നം ഉയര്‍ത്താതിരുന്നതും ശ്രദ്ധേയമായ കാര്യമാണ്.
രോഹിത് വഡ്‌ഢേരയായിരുന്നെങ്കില്‍ കാര്യങ്ങള്‍ മെച്ചമായിരുന്നേനെ എന്ന തോന്നലുണ്ടാക്കാനാണ് ഇത്തരമൊരു വിവാദം ഉയര്‍ത്തിക്കൊണ്ടുവന്നത് എന്ന് സ്പഷ്ടം. വഡ്‌ഢേരകള്‍ കല്ലാശാരിമാരും നിര്‍മാണത്തൊഴിലാളികളുമാണ്. ഭൂപ്രഭുക്കളൊന്നുമല്ല. ഫേസ്ബുക്ക് പേജ് വെളിവാക്കുംപോലെ രോഹിത് ഒരു പാവപ്പെട്ട കുടുംബത്തില്‍ നിന്നാണ് വരുന്നത്. തന്റെ ഏകാന്തബാല്യത്തെക്കുറിച്ചും യാദൃച്ഛികജന്‍മത്തെക്കുറിച്ചുും തന്റെ അവസാനത്തെ കത്തില്‍ രോഹിത് എഴുതിയിട്ടുണ്ട്.
ഇനിയിപ്പോള്‍ രേഖകള്‍ പ്രകാരം രോഹിത് വഡ്‌ഢേരയാണെന്ന് തെളിയിക്കപ്പെട്ടുവെന്നിരിക്കട്ടെ. എന്തുവ്യത്യാസമാണ് അതുണ്ടാക്കുക? ക്യാംപസിലെ ജാതിവിവേചനവും അതിലെ രാഷ്ട്രീയഇടപെടലുമാണ് ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങള്‍. ഒരു ദലിതനായാണ് രോഹിത് തന്നെ തിരിച്ചറിയുന്നത്. ഇപ്പോഴുള്ള രേഖകള്‍ പ്രകാരം ആ യുവാവ് ഒരു ദലിതനാണ്. അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്റെ ഭാഗമായിരുന്നു രോഹിത്. വൈസ് ചാന്‍ലര്‍ക്കും പ്രഫസര്‍മാര്‍ക്കും ഒരു ദലിതനായാണ് രോഹിതിനെ അറിയാവുന്നത്. എ.ബി.വി.പിക്കും ബന്ദാരു ദത്താത്രേയയ്ക്കും ഒരു ദലിതനായിട്ടാണ് ആ വിദ്യാര്‍ത്ഥിയെ അറിയാവുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷവും ക്യാംപസില്‍ ഒരു ദലിതനായിരുന്നു രോഹിത്. സ്വത്വത്തെപ്രതി തനിക്കും ദലിതര്‍ക്കും നേരിടേണ്ടിവരുന്ന വിവേചനത്തിനെതിരെയാണ് യുദ്ധം ചെയ്തത്. നമ്മുടെ സര്‍വകലാശാല ക്യാംപസുകളില്‍ നടമാടുന്ന ജാതിവിവേചനത്തിനെ സംബന്ധിച്ച വസ്തുതകളില്‍ രോഹിതിന്റെ 'യഥാര്‍ത്ഥ' സ്വത്വം എന്ത് വ്യത്യാസമാണ് ഉണ്ടാക്കാന്‍ പോകുന്നത്.
രാമനാഥന്‍ എസ്, ധന്യാ രാജേന്ദ്രന്‍ എന്നിവരില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളോടെ.
(This is a translated version)