അബ്ദുക്ക എന്ന അബ്ദു എന്ന സി.എം. അബ്ദുറഹിമാൻ

അബ്ദുക്ക എന്ന അബ്ദു എന്ന സി.എം. അബ്ദുറഹിമാൻ
അബ്ദുക്ക എന്ന അബ്ദു എന്ന സി.എം. അബ്ദുറഹിമാൻ
Written by :

By വെങ്കിടേഷ് രാമകൃഷ്ണൻ 

“നീയൊക്കെ എന്ത്‌ പത്രക്കാരനാണെടാ? ഇത്രയും കൊല്ലമായിട്ട്‌ എന്റെ ഇനീഷ്യൽസ്‌ പോലും മര്യാദക്ക്‌ അ​റിഞ്ഞുകൂടാ?” എന്റെ കീശയിൽ നിന്ന്‌ പെന്നെടുത്ത്‌ ആ നോട്ട്ബുക്കിൽ ഞാൻ എഴുതിയിരുന്ന പി.ടി. അബ്ദുറഹിമാൻ എന്ന പേരിലെ പി.ടി. വെട്ടി, അബ്ദുറഹിമാൻ എന്നതിനു പിറകിൽ ഇംഗ്ളീഷിൽ സി.എം. എന്നെഴുതി. “ഇതാ, എന്റെ ശരിയായ പേര്‌. ശിഷ്യനാന്ന്‌ പറഞ്ഞ്‌ നടക്കുന്നു!?” പതിനഞ്ച്‌ വർഷം മുൻപ്‌, 2000ത്തിൽ, ഇടപ്പള്ളിയിൽ അന്ന്‌ ഞാൻ താമസിച്ചിരുന്ന വീട്ടിലെ ഒത്തുചേരലിൽ സി.എൽ. തോമസിനേയും, സി.ഡി.ഷാജിയേയും, എ.എൻ. രവീന്ദ്രദാസിനേയും സാക്ഷിയാക്കി ആ തിരുത്ത്‌ നടന്നു; അപ്പോഴേക്കും പതിനേഴ്‌ വർഷം പ്രായമായിരുന്ന എന്റെ നോട്ടുബുക്കിൽ. “അതെങ്ങനെയാ, പരിചയപ്പെട്ട ആദ്യ ദിവസം മാത്രമല്ലേ, നിങ്ങൾ ഞങ്ങൾക്ക്‌ അബ്ദുറഹിമാൻ ആയിരുന്നത്‌. രണ്ടാം ദിവസം മുതൽ അബ്ദുക്കയും, അബ്ദുവും ഒക്കെയായി മാറിയില്ലേ? പിന്നെ ഇനീഷ്യൽസിൽ എന്തിരിക്കുന്നു?” ഞാൻ തിരിച്ചടിച്ചു. പൊട്ടിച്ചിരിയോടെ എല്ലാവരും അത്‌ പാസ്സാക്കി.

1983 ആഗസ്തിൽ ദേശാഭിമാനിയിൽ ചേർന്ന എഡിറ്റോറിയൽ ബാച്ചിനിടയിൽ, ഏറെ പ്രശസ്തി നേടിയ നോട്ടുബുക്കായിരുന്നു, അത്‌. പത്രപ്രവർത്തനത്തിന്റെ ആദ്യ ദിനങ്ങളിൽ കൊച്ചിയിൽ പരിശീലനത്തിനായി ഒത്തുകൂടിയ ഞങ്ങൾക്ക്‌ ആഗസ്ത്‌ 15നും, സെപ്റ്റംബർ നാലിനും ഇടയിൽ രാഷ്ട്രീയ സാംസ്കാരിക വിഷയങ്ങളെപ്പറ്റിയും, പത്രപ്രവർത്തനത്തെപ്പറ്റിയും, ക്ലാസുകൾ ഉണ്ട‍ായിരുന്നു. ഇ.എം.എസ്സും, എൻ. ശ്രീധരനും, സി.പി.നാരായണനും മറ്റും രാഷ്ട്രീയ വിഷയങ്ങൾ പഠിപ്പിച്ചപ്പോൾ, അബ്ദുക്കയുടെ നേതൃത്വത്തിലായിരുന്നു, പത്രപ്രവർത്തന പരിശീലനം. ആ ക്ലാസുകളെടുത്ത സമയത്ത്‌ കുറിച്ച നോട്ട്ബുക്ക്‌ ഭദ്രമായി സൂക്ഷിച്ച (ഒരു പക്ഷേ) ഒരേയൊരാൾ ഞാനായിരുന്നു. എല്ലാ വർഷവും ഒരു പ്രാവശ്യമെങ്കിലും ആ നോട്ട്ബുക്കിലേക്ക്‌ ഞാൻ തിരിച്ചുപോകുമായിരുന്നു. ഞങ്ങളുടെ ബാച്ചിൽ പെട്ടവർക്കിടയിലും, ചിലപ്പോഴൊക്കെ അതിനു പുറത്തും, ഈ നോട്ട്ബുക്കിന്റെ നിലനിൽപ്പും അതിലേക്കുള്ള എന്റെ തിരിച്ചുപോക്കും ഒരു കഥയായിക്കഴിഞ്ഞിരുന്നു. ആ കഥ അബ്ദുക്കയുടെ ചെവിയിലുമെത്തിയിരുന്നു. ദൽഹിയിൽ സൂക്ഷിച്ചിരുന്ന ഈ നോട്ട്ബുക്ക്‌ 2000ത്തിൽ കേരളത്തിൽ ഒരു ദൃശ്യമാധ്യമ സംരംഭ സാഹസത്തിന്‌ ഇറങ്ങി പുറപ്പെട്ടപ്പോൾ, കൊച്ചിയിലേക്ക്‌ തിരിച്ചെത്തി. അങ്ങനെയാണ്‌, നോട്ട്ബുക്ക്‌ അബ്ദുക്കയെ കാണിക്കാനും, അതിൽ ഈ തിരുത്ത്‌ നടത്തപ്പെടാനും ഇടയായത്‌. ശ്രദ്ധയില്ലാതെ , ഏതോ ഒരു ഉൾപ്രേരണയാൽ അബ്ദുറഹിമാന്റെ പേരിനു മുന്നിൽ പി.ടി. എന്ന്‌ എഴുതുകയും, പിൽക്കാലത്ത്‌ ഒരിക്കലും അത്‌ ശ്രദ്ധിക്കാതിരിക്കുകയുമായിരുന്നു. എന്തായാലും വർഷങ്ങൾക്കു ശേഷം ഗുരു ആ നോട്ടുബുക്കിൽ ഒരു പാഠം കൂടി പഠിപ്പിച്ചുതന്നു. ശ്രദ്ധ. ശ്രദ്ധ എന്ന വാക്കിനോടുള്ള പ്രതിബദ്ധതയാണ്‌ പത്രപ്രവർത്തനത്തിന്റെ എക്കാലത്തെയും വലിയ പാഠങ്ങളിൽ ഒന്ന്‌ എന്നതിന്റെ ആവർത്തനപഠനം.

ജീവിതത്തിൽ ഗുരുക്കൻമാർ ഏറെ ഉണ്ടായിട്ടുണ്ട്. പല സമയത്തായി പല കാര്യങ്ങൾ പറഞ്ഞുതന്നവർ. വിരൽ ചൂണ്ടി, ഈ വഴിയെ ആണ്‌ പോകേണ്ടത്‌ എന്ന്‌ പറഞ്ഞുതന്നവർ. സ്വന്തം പ്രവർത്തനവും, ജീവിതവും കൊണ്ട് ചില മാർഗ്ഗങ്ങളും, രീതികളും, ശീലങ്ങളും വ്യക്തമാക്കിത്തന്നവർ. പത്രപ്രവർത്തനത്തിന്റെ തലത്തിൽ അബ്ദുക്ക എന്ന അബ്ദു എന്ന സി.എം. അബ്ദുറഹിമാൻ ഇതെല്ലാം ചേർന്ന ഗുരുവായിരുന്നു. പല പാഠങ്ങളും അറിഞ്ഞുകൊണ്ട്‌ നമ്മൾ പഠിച്ചില്ല എന്നത്‌ വേറെ കാര്യം.

1983 ഓഗസ്റ്റ്‌ 17ന്‌ കൊച്ചി ദേശാഭിമാനിയിൽ അന്നത്തെ മാനേജർ കണ്ണൻ നായരുടെ സാന്നിദ്ധ്യത്തിലാണ്‌ ഗുരുവിന്റെ ആദ്യ പ്രവേശം. ആദ്യ വാചകം എന്റെ നോട്ട്ബുക്കിൽ ഇപ്പോഴും തെളിഞ്ഞുകിടക്കുന്നു, “എ പ്രസ്‌ നോട്ടീസ്‌ ഈസ്‌ ഷാർപ്പർ ദാൻ തൗസന്റ്‌ ബയണറ്റ്സ്‌ എന്ന്‌ നെപ്പോളിയൻ പറഞ്ഞു. ഇത്‌ ശരിയാണ്‌. ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന മൂർച്ചയേറിയ ഒരായുധമാണ്‌ പത്രം. വാർത്തയാണ്‌ ആ ആയുധത്തിന്റെ ആധാരം. വാർത്ത സർവ്വവ്യാപിയാണ്‌. ന്യൂസ്‌ ( NEWS ) എന്നാൽ നോർത്ത്‌, ഈസ്റ്റ്‌, വെസ്റ്റ്‌, സൗത്ത്‌ എന്ന്‌ നിങ്ങൾ പറഞ്ഞുകേട്ടു കാണും. എന്നാലത്‌ മാത്രമല്ല. നേച്ചർ, എർത്ത്‌, വാട്ടർ, സ്പേസ്‌ എന്നുമാണ്‌.” അതായിരുന്നു, അബ്ദുറഹിമാൻ. എല്ലാവരും പഠിപ്പിക്കുന്നത്‌ പഠിപ്പിക്കുകയും, എന്നാൽ ആരും പഠിപ്പിക്കാത്ത ചിലതു കൂടി പഠിപ്പിക്കുകയും ചെയ്യുന്ന ഗുരു.

എൺപത്തിമൂന്ന്‌ ബാച്ചിൽ എന്നോടൊപ്പം ദേശാഭിമാനിയിൽ ചേർന്ന സി.എൽ. തോമസ്‌, രവി വർമ്മ, സി.ഡി.ഷാജി, എൻ.പി. ചന്ദ്രശേഖരൻ, കെ. രമ, ഡി. ജോസ്‌, പി. ജയനാഥ്‌, സണ്ണി ആൻഡ്രൂസ്‌, അജിത്‌ കുമാർ, മദനൻ ചെറുകാട്‌, എബി ജോസഫ്‌ എന്നിങ്ങനെ എല്ലാവർക്കും ഒരു സമയത്തല്ലെങ്കിൽ മറ്റൊരു സമയത്ത്‌ സവിശേഷമായ ഈ അബ്ദുക്ക അദ്ധ്യയം ബോധ്യപ്പെട്ടതാണ്‌. പത്രപ്രവർത്തനത്തിന്റെ വഴികളിൽ ആദ്യമായി സഞ്ചരിക്കുന്ന ഞങ്ങളുടെ കൗതുകത്തേയും, ആവേശത്തേയും അബ്ദുക്ക സദാ പൊലിപ്പിച്ചു. ഞങ്ങളിൽ മിക്കവരും ആദ്യ ദിവസങ്ങളിലും, മാസങ്ങളിലും, ഓഫീസിൽ വന്ന്‌ പലതും പഠിക്കുകയും, നിയുക്ത ജോലികൾ ചെയ്യുകയും മാത്രമായിരുന്നില്ല. ഷിഫ്റ്റ്‌ കഴിഞ്ഞാലും ഓഫീസിൽ തന്നെയുണ്ടാകും. ഒന്നാമത്തെ എഡിഷൻ അച്ചടിച്ചു പുറത്തുവരും വരെ. അബ്ദുക്കയും, ഞങ്ങളോടൊപ്പം ആദ്യത്തെ പത്രങ്ങൾ അച്ചടിച്ചു പുറത്തുവരുന്നതിന്റെ ചൂടറിയാൻ കൂടെയുൺ​‍ാവും. ഈ ആവേശവും, കൗതുകവും പത്രപ്രവർത്തനത്തിന്റെ എത്രയോ വർഷം കഴിഞ്ഞിട്ടും അബ്ദുക്കയെ വിട്ടുപോയില്ല. 1983 ബാച്ചിനു ശേഷം വന്ന​‍ു ചേർന്നവരും, ഞങ്ങൾക്കെത്രയോ മുൻപേ ദേശാഭിമാനിയിൽ ഉണ്ടായിരുന്നവരും, അബ്ദുക്കയെ പറ്റി പറഞ്ഞ വ്യത്യസ്തങ്ങളായ പല അഭിപ്രായങ്ങളിലെ ഒരു പൊതുധാര ഇതുതന്നെയായിരുന്നു; സ്ഥായിയായി പ്രകടമാവുന്ന, പലപ്പോഴും ഉത്സാഹത്തിമിർപ്പോടെ ബഹിർഗ്ഗമിക്കുന്ന, പത്രപ്രവർത്തനത്തിന്റെ ആവേശവും, കൗതുകവും.  

പത്രപ്രവർത്തനത്തിന്റെ ആശയപരവും, പ്രസാധനപരവും, സംഘടനാപരവുമായ തലങ്ങളിൽ വ്യതിരിക്തമായ ഒരു അബ്ദുക്ക ശൈലി ഉണ്ടായിരുന്നു. പത്രപ്രവർത്തനത്തിന്റെ അടിസ്ഥാന ഘടകങ്ങളായ നല്ല റിപ്പോർട്ടിംഗിലും, നല്ല സബ്‌ എഡിറ്റിംഗിലുമുള്ള ആഴത്തിലുള്ള അറിവ്‌ ഒരേ സമയം താത്വികവും പ്രായോഗികവുമായിരുന്നു. അതേ സമയം, ആശയങ്ങളുടെ വലിയ ലോകത്തേയും സമഗ്രമായി മനസ്സിലാക്കാൻ സദാ ശ്രമിച്ച, എന്നും ദാഹിക്കുന്ന ഒരു ജ്ഞാനകുതുകിയായിരുന്നു അബ്ദുക്ക. പരന്നാഴ്ന്നുപോയ അബ്ദുക്കയുടെ വായനയിൽ എല്ലാം കടന്നുവന്നു. സാഹിത്യം, ശാസ്ത്രം, സിനിമ, എല്ലാ തരത്തിലുമുള്ള കലാവിഷ്കാരങ്ങൾ, സ്പോർട്സ്‌, അങ്ങനെയങ്ങനെ.   

കലയുടെ സൗന്ദര്യശാസ്ത്രം മുതൽ, ആപേക്ഷികതാ സിദ്ധാന്തം വരെയും, കാളിദാസനും ഷേക്സ്പിയറും, കുഞ്ഞിക്കുട്ടൻ തമ്പുരാനും മുതൽ, ഹെമിംഗ്‌വേയും, മാർക്കേസും, ഏണസ്റ്റ്‌ ഫിഷറും, ഒക്കെ നിറഞ്ഞുനിന്ന ഒരു ലോകം. ഇടക്കിടെ എഴുതിയിരുന്ന മുഖപ്രസംഗ ങ്ങളിലും വിരളമായി പുറത്ത് വന്ന പേര് വെച്ചെഴുതിയ ലേഖനങ്ങളിലും സര്‍വതല സ്പര്‍ശിയായ ഈ അറിവിന്റെ സ്പുരണങ്ങൾ കണ്ടു . സല്‍മാൻ റുഷ്ദിയുടെ സതതാനിക് വെഴ്സേസ് ഇന്ത്യയിൽ നിരോധിച്ചതിന് പിറകെ ദേശാഭിമാനിയിൽ വന്ന മുഖപ്രസംഗം ആ അറിവിന്റെ പരപ്പിന്റെയും അതുണ്ടാക്കിയിട്ടുള്ള ആശയപരമായ ബോധ്യങ്ങളുടെയും ഒരു ചരിത്ര നിദര്‍ശനം തന്നെയായി . ഇതോടെല്ലാമൊപ്പം പ്രിന്റ്‌ ജേണലിസത്തിന്റെ നട്ടും ബോൾട്ടുമായ ഡിസൈനിംഗ്‌, പ്രിന്റിംഗ്‌, എന്നിവയെക്കുറിച്ചും അബ്ദുക്കയുടെ പ്രായോഗിക പരിചയം അദ്ഭുതത്തോടെയാണ്‌ ആദ്യകാലം മുതൽ നോക്കിക്കണ്ടിരുന്നത്‌.

സംഘടനാതലത്തിൽ തന്നിൽ താഴെയുള്ളവരെ അച്ചടക്കത്തിന്റെയോ, മസിലു പിടുത്തത്തിന്റെയോ, അധികാരശ്രേണി വിചാരങ്ങളുടെയോ ഗുസ്തിക്കളത്തിൽ മലർത്തിയടിക്കാതെ ഒരേ സമയം ശാന്തമായും, എന്നാൽ സ്ഥിരതയോടെയും, കൊണ്ടുനടക്കുന്ന ഒരു ശൈലിയായിരുന്നു. ബഹളങ്ങളില്ല. ശകാരവർഷമില്ല. തീക്ഷ്ണമായ ഒരു നോട്ടം, ഒരു വാക്ക്‌, അച്ചടക്കം സ്ഥാപിക്കാൻ അത്‌ മതിയായിരുന്നു. തലേ ദിവസം വലിയ പിഴവുകൾ എന്തെങ്കിലും ചെയ്തിട്ടാണ്‌ ഓഫീസിലേക്ക്‌ ചെല്ലുന്നതെങ്കിൽ, ചന്ദ്രു എന്ന്‌ ഞങ്ങൾ വിളിച്ചിരുന്ന എൻ.പി. ചന്ദ്രശേഖരൻ പോകുന്ന വഴിയേ താക്കീതു ചെയ്യും, “ആ അബ്ദു കണ്ണഴിച്ച്‌ മേശപ്പുറത്ത്‌ വെച്ചു കാണും. എന്തൊരു രൂപം! അങ്ങോട്ട്‌ നോക്കാനേ പറ്റില്ല.” പറഞ്ഞതുപോലെ കണ്ണില്ലാത്ത ഒരു മുഖം, സിഗററ്റിന്റെ പുകച്ചുരുളുകൾക്കിടയിലൂടെ, ഒരു പ്രത്യേക ഭാവത്തോടെ ന്യൂസ്‌ എഡിറ്ററുടെ മേശക്കു പിറകിൽ ഇരിക്കുന്നുണ്ടാവും. ശാന്തമായ,  എന്നാൽ കണിശമായ ഒരു “ക്ളിനിക്കൽ വെർബൽ അസോൾട്ടി”നു ശേഷം, കളത്തിൽ എല്ലാം പഴയ പോലെ. ശ്രദ്ധയോടെയുള്ള പരിശീലനം, ഉത്സാഹത്തോടെയുള്ള സഹയാത്ര, സന്തോഷം, സ്നേഹം, ഒരു ചിരിയും ഹസ്തദാനവും, ചിലപ്പോൾ ഒരു പുറം തലോടലും, പ്രശംസയുടെ വഴികൾ.

പ്രിന്റ്‌ ജേണലിസം ഇന്നത്തേക്കാൾ എത്രയോ ശ്രമകരമായ, കായികക്ഷമതയെത്തന്നെ പരീക്ഷിക്കുന്ന ഒരേർപ്പാടായിരുന്നു അന്ന്‌. എഴുത്തും ഡിസൈനിംഗും അനായാസമാക്കുന്ന കമ്പ്യൂട്ടറുകളില്ല. കൈകൊൺ​‍്‌ എഴുതിയോ, ടെലിപ്രിന്ററിൽ റോമൻ മലയാളമായോ വന്നു ചേരുന്ന കോപ്പികൾ ലെഡ്‌ കംപോസിംഗിലൂടെ (ഈയത്തിൽ വാർത്ത അക്ഷരങ്ങൾ മെറ്റൽ ഫ്രെയിമിൽ കൈകൊണ്ട്‌ കംപോസ്‌ ചെയ്ത്‌ ചേർക്കുന്ന രീതി) ലോഹഫ്രെയിമിൽ തന്നെ വിഭാവനം ചെയ്യുന്ന പേജുകളിൽ “കെട്ടി വെക്കുക”യും, അതിന്റെ മെറ്റൽ വാർപ്പുകൾ ഉൺ​‍ാക്കുകയും, അവ ഫ്ളോങ്ങുകളാക്കുകയും, അവസാനം അച്ചടിയിലേക്ക്‌ നീങ്ങുകയും ഒക്കെ ചെയ്യുന്ന പ്രക്രിയയായിരുന്നു അന്ന്‌. മനസ്സിൽ വിഭാവനം ചെയ്ത്‌ കടലാസിൽ വരച്ചുവെച്ച പേജുകൾ പൂർത്തീകരിക്കാൻ ശ്രമിക്കുമ്പോഴാണ്‌ ലെഡ്‌ കംപോസിംഗ്‌ വഴി ഉണ്ടാക്കിയെടുത്തിട്ടുള്ള ഈയക്കട്ടി അക്ഷരങ്ങൾ നിറഞ്ഞ ലോഹനിർമ്മിത കോളം സെന്റിമീറ്ററുകൾ അനുസരണക്കപ്പുറമാണ്‌ എന്ന്‌ മനസ്സിലാവുക. ഒരു കോളം സെന്റീമീറ്റർ പോലും കുറയ്ക്കണമെങ്കിൽ കംപോസിറ്റർമാർ ഒരേ സമയം കായികാഭ്യാസവും കരകൗശലവും പ്രദർശിപ്പിക്കണം.

അങ്ങനെ ഉള്ള പത്രപ്രവർത്തന കാലത്ത്‌, കോഴിക്കോട്ട്‌ ഒരു ദേശീയ ബാസ്കറ്റ്‌ ബോൾ വരുന്നു. ഞാനും, യു.സി. ബാലകൃഷ്ണനും ഒക്കെ അടങ്ങുന്ന ഒരു സംഘം ചെറുപ്പക്കാർ സ്പെഷൽ ബാസ്കറ്റ്‌ ബോൾ സപ്ലിമെന്റ്‌ വേണമെന്ന്‌ ആവശ്യപ്പെടുന്നു. അബ്ദുക്ക അത്‌ സമ്മതിക്കുന്നു. ഒരു വ്യവസ്ഥയിൽ. വിഭവ സമാഹരണം മുതൽ, പേജുണ്ടാക്കൽ വരെ എല്ലാ പരിപാടികളും സ്വയം ചെയ്തുകൊള്ളണം. ആവേശത്തിൽ പരിപാടി ഏറ്റെടുത്ത ഞാൻ പേജു കെട്ടാൻ കംപോസിംഗ്‌ സെക്ഷനിൽ പോയപ്പോഴാണ്‌ ഈയക്കട്ടികളുടെ ആക്രമണത്തിനിരയാവുന്നത്‌. എട്ടു കോളം അമ്പത്തിരണ്ട്‌ സെന്റീമീറ്ററിൽ ഫോട്ടോകളും, ലേഖനങ്ങളുമൊക്കെ ഒതുങ്ങേണ്ടതാണ്‌. കടലാസിൽ വിഭാവനം ചെയ്ത പേജാവട്ടെ, അതിമനോഹരവും. പക്ഷെ, ഒരു കുഴപ്പം മാത്രം മാറ്റർ ഒന്നര-ഒന്നേമുക്കാൽ പേജിനുള്ളതുണ്ട്‌. അക്ഷരാർത്ഥത്തിൽ വിയർത്തു കുളിച്ച്‌, എഡിറ്റോറിയൽ ഡെസ്കിൽ തിരിച്ചെത്തി, മുക്കിയും മൂളിയും അബ്ദുക്കയോട്‌ കാര്യം പറഞ്ഞൊപ്പിച്ചു. കണ്ണിൽ ഒരു ചെറു നീരസം വന്നു മറഞ്ഞു. എളിയിൽ നിന്ന്‌ ഒരു വിൽസ്‌ സിഗററ്റ്‌ കൂടി എടുത്ത്‌ കത്തിച്ചു. “വാ, പോകാം.” പിന്നെ കംപോസിംഗ്‌ സെക്ഷനിൽ കണ്ടത്‌, കലയുടെയും സാങ്കേതിക വിദ്യയുടേയും, നിക്കോട്ടിന്റെ സഹായത്തോടെയുള്ള ഒരു മേളനമാണ്‌. ചെറിയ പ്രൂഫ്‌ കടലാസുകളിൽ നോക്കിക്കൊണ്ട്‌, ലെഡ്‌ കംപോസിംഗ്‌ കോളങ്ങളിൽ നേരിട്ടുള്ള എഡിറ്റിംഗ്‌. കഷ്ടിച്ച്‌ പത്ത്‌ മിനിട്ട്‌ ആയിക്കാണില്ല. മനോഹരമായ ബാസ്കറ്റ്‌ ബോൾ സപ്ലിമെന്റ്‌ ആ മെറ്റൽ ഫ്രെയിമിൽ കിടന്നു തിളങ്ങി. പിൽക്കാലത്ത്‌, ഡി.ടി.പി.യിലേക്കും, ഫാക്സിമിലി ഇമേജ്‌ ട്രാൻസ്ഫർ ടെക്നോളജിയിലേക്കും ഒക്കെ പത്രപ്രവർത്തനവും, ഡിസൈനിംഗും വളർന്നപ്പോഴും, അബ്ദുക്ക ഇതേ അവധാനതയോടെ തന്റെ കലാ സാങ്കേതിക മേളന സിദ്ധികൾ ഉയർത്തിപ്പിടിച്ചു.      

ദേശാഭിമാനിയിൽ ചേർന്ന്‌ ഒരു വർഷത്തിനകം കാസർകോട്ട്‌ പുതുതായുണ്ടായ ജില്ലയിലെ ബ്യൂറോയുടെ ചുമതലക്കാരനായി പറഞ്ഞയച്ചതിലും, രണ്ട്‌ വർഷം കഴിഞ്ഞ്‌ 1985-ൽ ദൽഹി ലേഖകനായി നിയോഗിച്ചതിലുമൊക്കെ അബ്ദുക്കക്ക്‌ വലിയ പങ്കുൺ​‍ായിരുന്നു. ആ തീരുമാനങ്ങൾ ദേശാഭിമാനിയുടെ ഉയർന്ന മാനേജ്മെന്റിൽ മുന്നോട്ടു നീക്കിയതുതന്നെ അബ്ദുക്കയായിരുന്നു. പിൽക്കാലത്ത്‌ ഇംഗ്ളീഷ്‌ പത്രപ്രവർത്തനത്തിലേക്ക്‌ നീങ്ങിയപ്പോഴും അബ്ദുക്ക, അടുത്തില്ലാത്ത, എന്നാൽ ഒരിക്കലും അപ്രത്യക്ഷനാവാത്ത വെളിച്ചവും വഴികാട്ടിയുമായി തുടർന്നു. 1983-ലെ പഠനക്ലാസുകളുടെ വിശദമായ നോട്ടുബുക്കുകളുടെ വാർഷിക അദ്ധ്യയനം, ഇതിനെ മൂർത്തമായ തലത്തിൽ തന്നെ നിലനിർത്തി.

“ഫ്രണ്ട്‌ലൈനി”ൽ 1991-ൽ ചേർന്നതിനു ശേഷം, ഒരു ജാപ്പനീസ്‌ പത്രപ്രവർത്തകസംഘവുമായുള്ള ഇടപഴകലിൽ ഞാൻ തന്നെ ബോധപൂർവ്വമായി ഈ ഗുരുവിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞു. ഇന്ത്യയിൽ നിന്നും, ജപ്പാനിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട എട്ട്‌ പത്രപ്രവർത്തകർക്ക്‌ പത്രപ്രവർത്തന സംബന്ധിയായ പുതിയ സ്പെഷലൈസേഷനും മറ്റും പഠിപ്പിക്കുന്ന ഒരു വർക്ക്ഷോപ്പിന്റെ ഭാഗമായിരുന്നു, ആ ഇടപഴകൽ. ആ പുതിയ അറിവുകൾ എങ്ങനെ പ്രായോഗികമായി മാധ്യമങ്ങളിലവതരിപ്പിക്കും എന്ന്‌ നിർദ്ദേശിക്കാനുള്ള ഒരുതരം കോംപീറ്റൻസി ടെസ്റ്റും ഉ​ണ്ടായിരുന്നു. കഠിനമായ മത്സരമൊന്നുമായിരുന്നില്ലെങ്കിലും, ഏറ്റവും മികച്ച പ്രായോഗിക നിർദ്ദേശങ്ങൾ നൽകിയ മൂന്നു പേരിൽ ഒരാളായി എന്നെയും തെരഞ്ഞെടുത്തു. രണ്ട്‍്‌ ജാപ്പനീസ്‌ പത്രപ്രവർത്തകർ ഇന്ത്യയിൽ നിന്ന്‌ ഞാൻ. അവസാനമായി ഞങ്ങളോടുള്ള ചോദ്യം പത്രപ്രവർത്തനത്തിന്റെ പ്രാഥമിക അടിത്തറ ഇത്ര ശക്തമാക്കിയത്‌, ആരെ മാതൃകയാക്കിയാണ്‌ എന്നായിരുന്നു. ജാപ്പനീസ്‌ പത്രപ്രവർത്തകർ രണ്ടു പേരും പറഞ്ഞത്‌ ഒരേ പേരായിരുന്നു. ദി സൺഡേ ടൈംസ്‌, ലണ്ടൻ അടക്കമുള്ള വലിയ പത്രങ്ങളുടെ എഡിറ്റർ ആയിരുന്ന, പിന്നീട്‌ സർ പദവി നൽകി ബ്രിട്ടീഷ്‌ സർക്കാർ ആദരിച്ച സർ ഹരോൾഡ്‌ ഇവാൻസ്‌. എന്നോട്‌ ചോദിച്ചപ്പോൾ, ഞാൻ പറഞ്ഞു, അതൊരു അബ്ദുറഹിമാൻ ആണെന്ന്‌. “നിങ്ങൾക്കറിയില്ല, പക്ഷെ ഞാൻ ഈ വർക്ക്ഷോപ്പിൽ പങ്കെടുക്കാൻ ക്വാളിഫൈ ചെയ്തിട്ടു​ണ്ടെങ്കിൽ അതിനൊരു പ്രധാന കാരണം ഇയാൾ പഠിപ്പിച്ച പാഠങ്ങളും, കാട്ടിത്തന്ന വഴികളുമാണ്‌.”

കേരളത്തിന്‌ പുറത്ത്‌, അല്ലെങ്കിൽ മലയാളത്തിനു പുറത്ത്‌ സഞ്ചരിച്ചിരുന്നുവെങ്കിൽ, അബ്ദുക്കയുടെ സമഗ്രമായ പത്രപ്രവർത്തന ധാരണകളും, ആശയങ്ങളുടേയും, വിജ്ഞാനത്തിന്റെയും തത്വചിന്തയുടേയും ധാരകളെ ഇഴുക്കിച്ചേർക്കാനുള്ള”ഓൾഡ്‌ സ്കൂൾ” പത്രപ്രവർത്തന പ്രതിബദ്ധതയും, വ്യാപകമായി തിരിച്ചറിയപ്പെടുമായിരുന്നു എന്ന്‌ ഞാൻ വിശ്വസിക്കുന്നു. പക്ഷെ, പലതരം നല്ല കടുംപിടുത്തങ്ങൾക്കൊപ്പം കേരളത്തേയും, മലയാളത്തേയും, ദേശാഭിമാനിയേയും, വിടില്ല എന്ന വാശിയും  അബ്ദുക്കയ്ക്ക് സ്വന്തമായിരുന്നു. “ എനിക്ക് ഒരായിരം ബലഹീനതകള്‍ ഉണ്ട് ; അല്ല അവ കുഴപ്പങ്ങൾ തന്നെയാണ് . എന്നാലും  ആയിരം ബയണറ്റുകളേക്കാൾ, മൂർച്ചയേറിയ സമരായുധമാണ്‌ പത്രം എന്ന്‌ ഉറച്ച്‌ വിശ്വസിക്കുന്ന ഒരു മലബാർ മാർക്സിസ്റ്റിനെ എന്നിൽ നിന്ന് പുറത്താക്കാൻ നിനക്കൊന്നും പറ്റൂല . ഞാന്‍ തന്നെ വിചാരിച്ചാലും ആ മാര്‍ക്സിസ്റ്റ്‌ ഒഴിഞ്ഞു പോവൂല .” എന്ന്‌ പല സ്വകാര്യ ചർച്ചകളിലും അബ്ദുക്ക ആവർത്തിച്ചു പറയുമായിരുന്നു. ശിഷ്യൻമാർ പലരും വിവിധ സ്ഥാപനങ്ങളിൽ സംഘടനാപരമായ ഉന്നതങ്ങളിലേക്ക്‌ കയറിപ്പോകുന്നത്‌ കാണുമ്പോൾ, അത്‌ സംബന്ധിച്ച വാർത്തകൾ പുറത്തുവരുമ്പോൾ, അബ്ദുക്ക പറയും, “എന്റെ പിള്ളേരല്ലടാ.” അതേ ഗുരോ, ഞങ്ങൾ പിള്ളേർ ഇവിടെ എല്ലായിടത്തുമുണ്ട്‌. ന്യൂസ്‌ എന്നാൽ ദിക്കുകളും, ദിശകളും മാത്രമല്ല, പ്രകൃതിയും, ഭൂമിയും, ജലവും, ആകാശവും ഒക്കെ ആണെന്ന്‌ ആവർത്തിച്ച്‌, ആവർത്തിച്ച്‌ പറഞ്ഞുകൊണ്ട്‌. അല്ല , എല്ലാ പരിമിതികള്‍ക്ക് ഇടയിലും  പറയാൻ ശ്രമിച്ചു കൊണ്ട്.

(Venkitesh Ramakrishnan is Senior Associate Editor, Frontline Magazine. An edited version of this article was carried in the Malayalam newspaper Deshabhimani)

Elections 2023

No stories found.
The News Minute
www.thenewsminute.com