ഞായറാഴ്ച വൈകിട്ട് ഗുരുമൂർത്തി പൊലിസ് പിടിയിലായപ്പോഴാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കാര്യം പൊലിസിനോട് പറയുന്നത്.

Malayalam Monday, July 04, 2016 - 16:30

ആറുവയസ്സുകാരിയെ ബലാത്സംഗശ്രമത്തിനിടയിൽ കൊലപ്പെടുത്തിയതിന് 17-കാരനെ ഞായറാഴ്ച പൊലിസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ സേലത്താണ് സംഭവം. 


 

സേലം ജില്ലയിലെ തെലുഗനൂരിലെ മത്സ്യത്തൊഴിലാളിയായ രാജായുടെ രണ്ടു പെൺമക്കളിൽ രണ്ടാമത്തേയാളാണ് കൊല്ലപ്പെട്ട പെൺകുട്ടി. 


 

ശനിയാഴ്ച വൈകിട്ട് കൂട്ടുകാരുമൊത്ത് കളിക്കാൻ പോയ ചെറിയ പെൺകുട്ടി തിരിച്ചുവരാത്തതിനെ തുടർന്ന് മാതാപിതാക്കൾ അന്വേഷണം നടത്തുകയായിരുന്നു. അയൽവാസിയായ 17 കാരൻ പെൺകുട്ടിയെ വിളിച്ചുകൊണ്ടുപോയെന്ന് കൂട്ടുകാർ മാതാപിതാക്കളെ വിവരമറിച്ചു. 


 

കുട്ടിയുടെ മാതാപിതാക്കൾ ഗുരുമൂർത്തിയെ ചോദ്യം ചെയ്‌തെങ്കിലും ആരോപണം അയാൾ നിഷേധിച്ചു. ഞായറാഴ്ച രാവിലെ രാജാ കൊളത്തുർ പൊലിസിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് പൊലിസ് ഗുരുമൂർത്തിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വീട്ടിനകത്ത് വലിയൊരു പാത്രത്തിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി.  കുട്ടിയുടെ വയറിൽ ബ്ലേഡുകൊണ്ട് വരഞ്ഞ പാടുകളുണ്ടായിരുന്നു. 


 

ഞായറാഴ്ച വൈകിട്ട് ഗുരുമൂർത്തിയെ പിടികൂടിയ പൊലിസിനോട് താനാണ് കുട്ടിയെ കൊന്നതെന്ന് ഗുരുമൂർത്തി സമ്മതിച്ചു. ബലാത്സംഗശ്രമത്തിനിടയിലാണ് കൊല്ലപ്പെട്ടത്. ഭയന്നുനിലവിളിച്ച കുട്ടിയെ ഗുരുമൂർത്തി കഴുത്തുഞെരിച്ചുകൊല്ലുകയായിരുന്നു. കുട്ടിയുടെ വയർ ബ്ലേഡ് ഉപയോഗിച്ച് മുറിച്ചെന്നും അയാൾ സമ്മതിച്ചു. തുടർന്ന് മൃതശരീരം വലിയ പാത്രത്തിൽ സൂക്ഷിച്ചു. 


 

ശനിയാഴ്ച വൈകിട്ട് ഗുരുമൂർത്തിയുടെ മുത്തച്ഛൻ ജോലിക്ക് പുറത്തുപോയതോടെ വീട്ടിൽ അയാൾ തനിച്ചായിരുന്നു. അവസരം മുതലെടുക്കാൻ തീരുമാനിച്ച മൂർത്തി കുട്ടിയെ ചോക്കലേറ്റുകൾ നൽകി വശീകരിച്ചു വീട്ടിലെത്തിക്കുകയായിരുന്നു. മറ്റാരെങ്കിലും കേസിലുൾപ്പെട്ടിട്ടുണ്ടോ എന്ന് പൊലിസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ' പോസ്റ്റ് മോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടോ ഇല്ലയോ എന്നുപറയാൻ സാധിക്കൂ..' പൊലിസ് പറഞ്ഞു.


 

കുട്ടിയുടെ മൃതദേഹം മേട്ടൂർ ഗവൺമെന്റ് ആശുപത്രിയിലേക്കാണ് പോസ്റ്റ്‌മോർട്ടത്തിനയച്ചിട്ടുള്ളത്. 

 

Show us some love! Support our journalism by becoming a TNM Member - Click here.