കല്പന അവസാനമായി പ്രത്യക്ഷപ്പെട്ട മലയാളസിനിമ ചാര്‍ലിയായിരുന്നു. ചാര്‍ലിയില്‍ അവര്‍ ഒരു അതിഥിതാരമാണ്. പക്ഷേ ഭര്‍ത്താവിനാല്‍ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കപ്പെട്ട് എയിഡ്‌സ് രോഗിയായി മാറുന്ന ക്വീന്‍ മേരിയുടെ ദുരന്തചിത്രം അവര്‍ ഭംഗിയായി അവതരിപ്പിച്ചു. പുറംകടലില്‍ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്ന ചാര്‍ലി എന്ന കഥാപാത്രത്തിന്റെ മുന്‍കൈയാല്‍ ജീവിതത്തില്‍ അവരിതുവരെ ആഘോഷിച്ചിട്ടില്ലാത്ത മട്ടില്‍ സ്വന്തം പിറന്നാള്‍ ഒരു ബോട്ടില്‍ അവരാഘോഷിക്കുകയാണ്.
അങ്ങേയറ്റം രോഗാതുരയെങ്കിലും, ജീവിതമേല്‍പിച്ച ക്ഷതങ്ങള്‍ പേറുന്നവളെങ്കിലും, ആത്മാഭിമാനത്താല്‍ അനുഗൃഹീതയായ മേരി, പുറംകടലില്‍ പോകാനുള്ള അവളുടെ ആഗ്രഹം, ആഗ്രഹം നിറവേറിയതിലുള്ള അവളുടെ ഭയഭക്തിയാദരവുകള്‍ നിറഞ്ഞ മുഖം, ദുരന്തപൂര്‍ണമായ ആ അന്ത്യം...എത്ര കഠിനഹൃദയനായ കാഴ്ചക്കാരന്റെയും ഹൃദയതന്ത്രികളില്‍ അവ ഒന്നിച്ചുചെന്നുതൊടും.
ഫേസ്ബുക്കില്‍ കല്പനയുടെ വിയോഗത്തോട് പ്രതികരിച്ച് ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചതിങ്ങനെ:
' കല്പനച്ചേച്ചിയെക്കുറിച്ചുള്ള വാര്‍ത്ത കേട്ട് തകര്‍ന്നുപോയി. കുട്ടിക്കാലം തൊട്ടേ അവര്‍ക്കെന്നെ അറിയാം. എപ്പോഴും ഞാന്‍ കുട്ടിയായിരുന്ന കാലത്തെ കാര്യങ്ങള്‍ അവരെന്നോട് പറയാറുണ്ട്. ചാര്‍ലിയില്‍ ഞാന്‍ അവരെ ചുംബിക്കുന്ന ഒരു രംഗമുണ്ട്. ആ സമയം അവര്‍ വലിയ ആഹഌദവതിയായി. കുട്ടിക്കാലത്ത് എനിക്ക് അവരെ ചുംബിക്കാന്‍ ഇഷ്ടമില്ലായിരുന്നത്രേ.'
തെന്നിന്ത്യന്‍ സിനിമയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചവരാണ് ഉര്‍വശി-കല്പന-കലാരഞ്ജിനി സഹോദരിമാര്‍. നര്‍മസന്ദര്‍ഭങ്ങള്‍ കൊണ്ട് കല്‍പന വെള്ളിത്തിരയില്‍ അവരുടേതായ ഒരടയാളം അവശേഷിപ്പിച്ചിട്ടുണ്ട്.
മലയാളി കാരക്ടര്‍ റോളില്‍ അവരെക്കാണുന്ന ചുരുക്കം ചില ചിത്രങ്ങളിലൊന്നാണ് അവരുടെ അവസാനത്തെ സിനിമയായ ചാര്‍ലി. കാരക്ടര്‍ റോളുകള്‍ ചെയ്യാനുള്ള കല്പനയുടെ കഴിവിനെ ഇന്നസെന്റിനെപ്പോലുള്ള അഭിനേതാക്കള്‍ പ്രശംസിച്ചിട്ടുണ്ട്. ചുരുക്കം ചില റോളുകളേ ചെയ്തിട്ടുള്ളൂവെങ്കിലും അനുവാചകരുടെ ഹൃദയത്തില്‍ തൊടാനുള്ള അവരുടെ കഴിവ് അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നാണ് ഇന്നസെന്റ് പറയുന്നത്.
ചിത്രത്തില്‍, ദുല്‍ഖര്‍ ചുംബിക്കുന്നതില്‍ ആഹഌദം കണ്ടെത്തുന്ന കല്പന, ആസന്നമായ മരണത്തില്‍ കടലമ്മയുടെ കൈകളില്‍ എത്തിച്ചേരുന്നതിനെ സ്വീകരിക്കുന്നുവെന്ന പോലെ ആനന്ദകരമായ അനശ്വരതയിലേക്ക് അനായാസം വഴുതിപ്പോയതുപോലെയാണ് തോന്നുന്നത്. ആദരാഞ്ജലികള്‍ കൊണ്ടൊന്നും നികത്താനാകാത്ത വിടവ് നമ്മുടെ ഹൃദയങ്ങളില്‍ അവശേഷിപ്പിച്ചുകൊണ്ട്.