'ആണായി പരിഗണിക്കപ്പെടാൻ ഇഷ്ടമില്ലാത്ത ഞങ്ങളെ ബലമായി ആൺ പട്ടികയിൽ ഉൾപ്പെടുത്തുന്നത് വേദനാജനകം..'

news Wednesday, April 06, 2016 - 12:59

കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതാദ്യമായി ഭിന്നലിംഗക്കാർക്ക് അവർക്കാവശ്യമുള്ള പക്ഷം അവരുടെ ലിംഗപദവി വ്യക്തമാക്കാൻ അവസരം. മറ്റുളളവർ എന്നോ ടി.ജി. (ട്രാൻസ്‌ജെൻഡർ) എന്നോ രേഖപ്പെടുത്താമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസ് ഔദ്യോഗികമായി അറിയിച്ചു. ഇക്കാര്യം സാധ്യമാക്കുന്നതിനുള്ള പ്രക്രിയകൾ പുരോഗമിക്കുകയാണ്- ജനറൽ ഓഫിസർ പറഞ്ഞു.

'തെരഞ്ഞടുപ്പ് റോളിൽ മൂന്നാം കാറ്റഗറിയായും ഓൺലൈൻ ഫോമുകളിൽ അദർ എന്നോ ട്രാൻസ്‌ജെൻഡർ എന്നോ രേഖപ്പെടുത്തുന്ന രീതി കൊണ്ടുവരാൻ ഞങ്ങൾ ഉദ്ദേശിക്കുന്നുണ്ട്..' മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഓഫിസിലെ ജനറൽ സെക്ഷൻ ഓഫിസർ യു. ഗോപകുമാർ പറഞ്ഞു. ആസന്നമായ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രക്രിയ പൂർത്തീകരിക്കും.

ഇതുമായി ബന്ധപ്പെട്ട് നവംബർ 22ന് ഗസറ്റ് വിജ്ഞാപനമിറങ്ങും. ഏപ്രിൽ 29നാണ് നാമനിർദേശപത്രിക സമർപ്പിക്കുന്നതിനുള്ള അവസാനതീയതി. മെയ് 16 ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മെയ് 19ന് നടക്കും. 

സ്വാഭാവികരീതിയിലുള്ള ആൺ - പെൺ എന്ന് വേർതിരിച്ച് അംഗീകരിക്കുന്ന പതിവ് മാറ്റി ഭിന്നലിംഗപദവിക്ക് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ അംഗീകാരം നൽകണമെന്ന് നാഷണൽ ലീഗൽ സർവീസ് അഥോറിറ്റി ഒഫ് ഇൻഡ്യ സമർപ്പിച്ച പൊതുതാൽപര്യഹർജി തീർപ്പാക്കവേ സുപ്രിം കോടതി നിർദേശം പുറപ്പെടുവിച്ചിരുന്നു. അതനുസരിച്ച് ഔദ്യോഗിക ഫോമുകളിൽ ഭിന്നലിംഗപദവിക്കാർക്ക് മൂന്നാമതൊരു കാറ്റഗറി ഉണ്ടാകേണ്ടതാണ്. 

ചില കണക്കുകൾ പ്രകാരം, കേരളത്തിൽ 10,000 ഭിന്നലിംഗക്കാരുണ്ട്. പക്ഷേ നവംബറിൽ നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 82 പേർ മാത്രമാണ് വോട്ടർ പട്ടികയിൽ 'മറ്റുള്ളവർ' എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തപ്പെട്ടത്. 

ഇക്കാര്യത്തിൽ പുരോഗതിയുണ്ടാകുന്നത് സന്തോഷകരമാണെന്ന് ഭിന്നലിംഗക്കാരനായ തിരുവനന്തപുരത്തെ സ്റ്റേജ് ആർടിസ്റ്റ് വിനീത് പറഞ്ഞു. ' സ്ഥിതിഗതികളിൽ മാറ്റം വരുന്നുവെന്നുള്ളത് ഞങ്ങളെ സംബന്ധിച്ചിടത്തോളം സന്തോഷകരമാണ്. ഒടുവിൽ രാജ്യം ഭരണപ്രക്രിയയിൽ ഞങ്ങളെക്കൂടി ഉൾപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു.' വിനീത് പറഞ്ഞു. 

' ഞങ്ങളുടേതായ രീതിയിൽ ഞങ്ങൾക്കുള്ള കഴിവുകൾ ജനം അംഗീകരിച്ചുതുടങ്ങി. ഞങ്ങളുടെ നൈപുണികളിലൂടെയാണ് അവർ ഞങ്ങളെ വിലയിരുത്തുന്നത്. ഞങ്ങളെക്കൂടി ഉൾപ്പെടുത്തിയതിന് അതായിരിക്കാം കാരണം..' 

വിനീത് പറയുന്നു:

' മറ്റുള്ളവർ' എന്നതിലപ്പുറം സ്ത്രീ എന്ന വിഭാഗത്തിൽ ഉൾപ്പെടാനാണ് വിനീത് ആഗ്രഹിക്കുന്നത്. ' മറ്റുള്ളവർ എന്ന കാറ്റഗറി നല്ലതുതന്നെ. എന്നാൽ ഞങ്ങളെ  വേറിട്ടൊരു വിഭാഗമായി പരിഗണിക്കുന്നതിന് പകരം ഏത് വിഭാഗത്തിൽ പെടണമെന്നത് തീരുമാനിക്കാനുള്ള അവകാശമാണ് ഞങ്ങൾക്ക് നൽകേണ്ടത്. എനിക്ക് സ്ത്രീ എന്ന വിഭാഗത്തിൽ എന്നെ ഉൾപ്പെടുത്താനാണ് ഇഷ്ടം. അപ്പോൾ അത് തെരഞ്ഞടുക്കാൻ എന്നെ അനുവദിക്കണം..' വിനീത് പറഞ്ഞു.

എറണാകുളം സ്വദേശിയായ പ്രിയ എന്ന ഭിന്നലിംഗക്കാരൻ സ്വന്തം ലിംഗപദവി വ്യക്തമാക്കിക്കൊണ്ട് വോട്ട് ചെയ്യാൻ അവസരം ലഭിച്ചതിൽ സന്തുഷ്ടയാണ്. 

' ഞങ്ങളെ പുരുഷവിഭാഗത്തിൽ ഉൾപ്പെടുത്തുന്നത് വേദനാജനകമാണ്. ഞങ്ങൾക്ക് ആണുങ്ങളായിരിക്കാൻ താൽപര്യമില്ല. ഈ മാറ്റം എല്ലാ മേഖലയിലും വരുമെന്നാണ് എന്റെ പ്രതീക്ഷ..' പ്രിയ ദ ന്യൂസ്മിനുട്ടിനോട് പറഞ്ഞു.

എന്നിരുന്നാലും, ഭിന്നലിംഗക്കാർക്ക് കൂടുതൽ ക്ഷേമപ്രവർത്തനങ്ങൾ നടത്താൻ ഗവൺമെന്റിന് കഴിയേണ്ടതാണെന്ന് വിനീതിന് അഭിപ്രായമുണ്ട്. 

'നമ്മുടെ പൊതുമേഖലയിൽ ഭിന്നലിംഗസമൂഹത്തിൽ നിന്നുള്ള എത്രപേർ ജോലിയെടുക്കുന്നുണ്ട്? ഒരാളുപോലുമില്ല. വോട്ടിംഗിൽ മാറ്റം വരേണ്ടത് അനിവാര്യമാണ്. പക്ഷേ അതുകൊണ്ടായില്ല, നിങ്ങളുടെ വ്യവസ്ഥയിൽ എന്നെക്കൂടി ഉൾപ്പെടുത്തണം..' പ്രിയ പറഞ്ഞു.

ചിത്രത്തിന് കടപ്പാട്: യുനൈറ്റഡ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡവലപ്‌മെന്റ്.

Show us some love and support our journalism by becoming a TNM Member - Click here.