ദേവിയുടെ കുഴപ്പമല്ല; പൊലിസുകാരുടെ കുഴപ്പമാണെന്ന് നാട്ടുകാർ

Malayalam പുറ്റിങ്ങൽ വെടിക്കെട്ടപകടം Tuesday, April 12, 2016 - 07:54

പുറ്റിങ്ങൽ ക്ഷേത്രപരിസരത്ത് ഇപ്പോഴും ദുരന്തത്തിന്റെ അവശിഷ്ടങ്ങൾ ചിതറിക്കിടപ്പുണ്ട്. കെട്ടിടങ്ങൾ തകർന്നിരിക്കുന്നു. വീടുകൾക്ക് സാരമായ കേടുപാടുകൾ പറ്റുകയും വസ്ത്രങ്ങളുടെ കഷണങ്ങൾ എമ്പാടും ചിതറിക്കിടക്കുകയും ചെയ്യുന്നു.

ലൈവ് റിപ്പോർട്ടിങ്ങിന് ചാനൽ ലേഖകൻമാർ തയ്യാറെടുക്കുമ്പോൾ ഒരു ചാനലുകാർക്കെതിരെ മാത്രം പ്രദേശവാസികൾ അവരുടെ രോഷം പ്രകടിപ്പിച്ചു. ഉത്സവത്തെക്കുറിച്ച് നെഗറ്റീവ് റിപ്പോർട്ടിങ് നടത്തിയെന്നതാണ് അവരുടെ ആരോപണം. വളരെപ്പെട്ടെന്നായിരുന്നു ചുറ്റും ക്ഷുഭിതരായ പ്രദേശവാസികളുടെ എണ്ണം കൂടിക്കൂടിവന്നത്. എവിടെയാണ് പിഴച്ചതെന്ന് സംബന്ധിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടാണ്  ഓരോരുത്തർക്കുമുള്ളത്. പക്ഷേ ഒരു കാര്യത്തിൽ എല്ലാവരും യോജിക്കുന്നു. കമ്പം തുടരണം.

'ഇതൊന്നും ദേവിയുടെ കുഴപ്പമല്ല. അതാതുകൊല്ലത്തെ വെടിക്കെട്ട് അനുവദനീയമായ പരിധികൾക്കുള്ളിൽ നടക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ട പൊലിസ് ഓഫിസർമാരുടെ കുഴപ്പമാണ്. അവരത് ചെയ്തില്ല. അതുകൊണ്ട് ആളുകൾ മരിച്ചു. അതിനെന്തിന് കമ്പം തുടരാതിരിക്കണം..?' പ്രദേശത്തുകാരനും കടയുടമയുമായ രാമചന്ദ്രൻ പറഞ്ഞു.

അടിസ്ഥാനവർഗത്തിൽ പെട്ട ഒരു സ്ത്രീ പുല്ലരിയുന്നതിനിടയ്ക്ക് ഒരു ഉറുമ്പുകൂനയിൽ അരിവാളുരഞ്ഞുവെന്നും അവിടെ നിന്ന് ചോര പ്രവഹിച്ചുവെന്നുമുള്ള ഐതിഹ്യത്തെ ആസ്പദമാക്കിയാണ് അവിടെ ക്ഷേത്രമുണ്ടായത്. പരിഭ്രമിച്ചുപോയ സ്ത്രീ തൊട്ടടുത്ത ഒരു ഈഴവ നേതാവിന്റെ വീട്ടിൽ ഓടിച്ചെന്നു കയറി. ആ ഉറുമ്പുപുറ്റ് ഭദ്രകാളിയുടെ ചൈതന്യം കുടികൊള്ളുന്ന ഒന്നാണെന്ന് ഈഴവനേതാവ് പ്രഖ്യാപിച്ചു. അവിടെ ഒരു വിഗ്രഹമുണ്ടായി. പിന്നീട് ക്ഷേത്രവുമുണ്ടായി. 

ക്ഷേത്ര കമ്മിറ്റിയിൽ ഈഴവപ്രാതിനിധ്യത്തിന് വേണ്ടി ഒരുപാട് പോരാടിയ അരുൺലാൽ എന്ന അഭിഭാഷകൻ ക്ഷേത്രത്തിന് സമീപമാണ് താമസിക്കുന്നത്. അദ്ദേഹത്തിനും വെടിക്കെട്ട് നിരോധിക്കണമെന്ന അഭിപ്രായമില്ല. 

'ഞങ്ങൾ എല്ലാക്കാലത്തും വലിയ ഒച്ചയും സ്‌ഫോടനവുമൊക്കെയുണ്ടാക്കുന്ന പടക്കങ്ങൾക്കെതിരാണ്. പക്ഷേ വെടിക്കെട്ട് നിർത്തരുത്. ദേവിക്കത് ഇഷ്ടമാണ്..' അദ്ദേഹം പറയുന്നു.

അരുണിന്റെ കാഴ്ചപ്പാട് ഷീബയും പങ്കുവെയ്ക്കുന്നു: ' വലിയ ഒച്ചയുണ്ടാക്കുന്ന പടക്കങ്ങൾ വേണ്ട. വെളിച്ചമുള്ളതും ഭംഗിയുള്ളതുമാകാം. പക്ഷേ കമ്പം നിർത്തരുത്. ' അവർ പറഞ്ഞു.

അപകടത്തിന്റെ പശ്ചാത്തലത്തിൽ, ആരാധനാലയങ്ങൾക്ക് സമീപം വെടിക്കെട്ട് നടത്തുന്നതും അവിടെ വെടിമരുന്ന് സൂക്ഷിക്കുന്നതും നിരോധിക്കണമെന്ന മുറവിളി ഉയരുന്നത് പ്രദേശവാസികളെ ബാധിച്ചിട്ടില്ല. വർഷങ്ങളായി പ്രശ്‌നങ്ങളൊന്നുമില്ലാതെ ഉത്സവം തുടരുന്നുണ്ടെന്നും അധികൃതരുടെ അനാവശ്യമായ ഇടപെടലുകളാണ് ദുരന്തത്തിന് വഴിവെച്ചതെന്നും ചിലർ വാദിക്കുന്നു.

വർഷങ്ങളായി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി വെടിക്കെട്ട് നടന്നുവരുന്നു. ജില്ലാ ഭരണകൂടം നിരോധിക്കുന്നതിന് മുൻപേത്തന്നെ വെടിക്കോപ്പുകൾക്കുള്ള പണം അമ്പലക്കമ്മിറ്റി നൽകിക്കഴിഞ്ഞിരുന്നു. കണ്ടുപിടിക്കുമെന്ന ഭയത്താലാണ് അവരത് ഒരിടത്ത് ശേഖരിച്ചുവച്ചത്. 

'അല്ലാത്തപക്ഷം അവ രണ്ട് വെടിപ്പുരകളിലായി ഇരിക്കുമായിരുന്നു. മത്സരിക്കുന്ന രണ്ട് സംഘങ്ങൾ ഉപയോഗിക്കുകയും ചെയ്യുമായിരുന്നു..' 29 കാരനായ ആനന്ദ് പറഞ്ഞു.

മുസ്ലിമാണെങ്കിൽ പോലും സൈബൽ എന്ന കോൺട്രാക്ട് തൊഴിലാളിയുടെ അഭിപ്രായവും വെടിക്കെട്ട് ഒഴിച്ചുകൂടാനാവത്തതുതന്നെയാണ് എന്നാണ് ' എന്റെ കുട്ടിക്കാലം തൊട്ടേ ഞാൻ വെടിക്കെട്ടു കണ്ടുവരുന്നുണ്ട്. ക്ഷേത്രത്തിലെ മൂർത്തിയും ക്ഷേത്രവും ഞങ്ങൾക്ക് വളരെ പ്രിയപ്പെട്ടതാണ്. ഒരപകടം പറ്റിയെന്നത് നേരാണ്. പക്ഷേ അതിനർത്ഥം ഈ വെടിക്കെട്ട് ഇനി വേണ്ടെന്ന് വെയ്ക്കണം എന്നല്ല. ദേവിയ്‌ക്കോ പ്രദേശത്തുകാർക്കോ ആ ആവശ്യമില്ല..' സൈബൽ പറഞ്ഞു.

മരിച്ച 108 പേരിൽ പുറ്റിങ്ങലിൽ നിന്നുള്ളവർ കുറവാണ്. അങ്ങനെയായിരുന്നെങ്കിൽ ഇതാകുമായിരുന്നോ അഭിപ്രായം? ' അതൊരു പ്രശ്‌നമല്ല. പാരമ്പര്യം തുടരണം. പക്ഷേ വെടിക്കെട്ട് ഈ തോതിൽ വേണ്ട എന്നതാണ് ഞങ്ങളുടെയൊക്കെയും അഭിപ്രായം..' അരുൺ ലാൽ പറഞ്ഞു.

ക്ഷേത്ര കമ്മിറ്റിയ്ക്ക് രാഷ്ട്രീയ പിന്തുണയുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം ഇങ്ങനെ :' ഏതെങ്കിലും കുറച്ചു പേരുകളിലേക്ക് പ്രശ്‌നം കേന്ദ്രീകരിക്കാൻ മാധ്യമങ്ങൾക്ക് സാധിക്കുമായിരി്ക്കും. പക്ഷേ എന്നെ വിശ്വസിക്കൂ. എല്ലാ പാർട്ടിയും എല്ലാ രാഷ്ട്രീയപ്രവർത്തകരും ക്ഷേത്രോത്സവത്തെ പിന്തുണയ്ക്കും..' അരുൺ ലാൽ പറഞ്ഞു.

Show us some love and support our journalism by becoming a TNM Member - Click here.