ജയലളിത എന്ന വിദ്യാർത്ഥിനി

അമ്മ പഠനവ്യഗ്രതയുള്ള ഒരു വിദ്യാർത്ഥിനിയും സഹപാഠികൾക്ക് പ്രിയങ്കരിയുമായിരുന്നു.
ജയലളിത എന്ന വിദ്യാർത്ഥിനി
ജയലളിത എന്ന വിദ്യാർത്ഥിനി

പ്രക്ഷുബ്ധവും പ്രവചനാതീതവുമായിരുന്നു ജയലളിതയുടെ ജീവിതത്തിന്റെ ആദ്യകാലം. തമിഴ്, തെലുഗു, കന്നഡ, ഹിന്ദി, മലയാളം, ഇംഗ്ലിഷ് ഭാഷകളിൽ പ്രാവീണ്യമുള്ള ബഹുഭാഷാപണ്ഡിത. നല്ലൊരു നർത്തകിയും വായനാശീലമുള്ളവളും. താൽപര്യങ്ങൾ മറ്റൊന്നായിരുന്നെങ്കിലും ഒരു അഭിനേതാവിന്റെ മകളായ ഈ ബഹുമുഖപ്രതിഭ ചെന്നെത്തിയതും സിനിമാലോകത്താണ്. 

ബംഗലൂരുവിൽ ബിഷപ്പ് കോട്ടൺ ഗേൾസ് ഹൈസ്‌കൂളിലും പിന്നീട് ചെന്നൈയിൽ ചർച്ച് പാർക്ക് എന്ന് അറിയപ്പെടുന്ന സേക്രഡ് ഹാർട്ട് മെട്രിക്കുലേഷൻ സ്‌കൂളിലുമായി വിദ്യാഭ്യാസം. സ്‌കൂളിൽ മികച്ച വിദ്യാർത്ഥിനിയായിരുന്ന അവർ ഉയർന്ന റാങ്കുകൾ നേടി. ശ്രദ്ധേയമായ അക്കാദമിക മികവുകൊണ്ട് നൂറിൽ നൂറ്റഞ്ചുനേടിയെന്ന റെക്കോർഡും ജയലളിത ഇക്കാലത്ത് നേടി. 

'ഇത് അഞ്ചാംതവണയാണ് ജയലളിത മുഖ്യമന്ത്രിയാകുന്നതെങ്കിലും വർഷങ്ങളായി ഞങ്ങളറിയുന്ന പെൺകുട്ടിയാണ് മുഖ്യമന്ത്രിയാകുന്നതെന്ന വസ്തുതയോട് ഞങ്ങൾക്ക് പൊരുത്തപ്പെടാനാകുന്നില്ല. ഇതേ പെൺകുട്ടിയാണ് അലിസ്റ്റേയിർ മാക് ലീനെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയത്. ഈ പെൺകുട്ടിയാണ് ഞങ്ങൾക്ക് ഹിന്ദി സിനിമാലോകവും സ്‌കെച്ചിംഗും പരിചയപ്പെടുത്തിയത്.' ഈ വർഷമാദ്യം അന്ന് സഹപാഠിയായിരുന്ന ശ്രീമതി അയ്യങ്കാർ ദ ടൈംസ് ഒഫ് ഇൻഡ്യയോട് പറഞ്ഞു. ചെന്നൈയിലെ സേക്രഡ് ഹാർട്ട് ചർച്ച് പാർക്ക് കോൺവെന്റിലായിരുന്നു അവർ ഒരുമിച്ച് പഠിച്ചത്. 

വളരെ വിലപിടിപ്പുള്ള ഒരു പുസ്തകശേഖരം അന്ന് ജയലളിതക്കുണ്ടായിരുന്നതായി ശ്രീമതി ഓര്ക്കുന്നു. 

എല്ലാ ചങ്ങാതിമാരും പുസ്തകങ്ങൾ അവരിൽ നിന്ന് കടംവാങ്ങാറുണ്ടായിരുന്നു. 

പഠനത്തിൽ മികവു പുലർത്തിയിരുന്നതുകൊണ്ട് കൂടുതൽ പഠിക്കുന്നതിനായി ജയലളിതയ്ക്ക് ഗവൺമെന്റ് ്‌കോളർഷിപ്പു കിട്ടിയിരുന്നു. സംസ്ഥാനത്ത് പത്താംതരത്തിൽ ഏറ്റവും കൂടുതൽ മാർക്കോടെ പാസായതിന് ഗോൾഡ് സ്‌റ്റേറ്റ് അവാർഡും കിട്ടി. 

'വീട്ടിലെ അവരുടെ മുറിയിൽ നിറയേ പുസ്തകങ്ങളായിരുന്നു. എല്ലാതരത്തിലുമുള്ള പുസ്തകങ്ങൾ ജയലളിതയുടെ ശേഖരത്തിലുണ്ടായിരുന്നു. ഞങ്ങളുടെ കൂട്ടത്തിൽ ഹിന്ദി അറിയാവുന്ന ഒരേ ഒരാൾ അവർ മാത്രമായിരുന്നു. അവർ ഞങ്ങളെ ഹിന്ദി സിനിമക്ക് കൊണ്ടുപോകുകയും ഡയലോഗുകളുടെ പദാനുപദ വിവർത്തനം നൽകിപ്പോരികയും ചെയ്തു. ' ശ്രീമതി പറഞ്ഞു. ചിത്രരചന ജയലളിതക്ക് ഒരു ഹരമായിരുന്നു. സമയം കിട്ടുമ്പോഴൊക്കെ ചിത്രങ്ങൾ വരച്ച് അവർ സഹപാഠികളെ കാണിച്ചു. 

അഞ്ചാംക്ലാസിൽ പഠിക്കുമ്പോഴാണ് ശ്രീമതിയും ജയലളിതയും കൂട്ടുകാരാകുന്നത്. സ്റ്റിൽസ് ചാരി എന്നറിയപ്പെട്ടിരുന്ന ശ്രീമതിയുടെ പിതാവാണ് രാധാ സിൽക്ക് എംപോറിയത്തിനുവേണ്ടിയുള്ള ജയലളിതയുടെ പോർട്ട് ഫോളിയോയുടെ ഫോട്ടൊഗ്രഫർ. ഇതായിരുന്നു ജയലളിതയുടെ സിനിമാലോകത്തെയും പരസ്യങ്ങളുടെ ലോകത്തെയും തുടക്കം. 

തമിഴ് സിനിമാവ്യവസായത്തിലെ അഭിനേതാക്കൾക്കും സംവിധായകർക്കും മുൻപാകെ ജയലളിത ഈ പോർട്ട് ഫോളിയോ അവതരിപ്പിച്ചു. പിന്നീട് രാഷ്ട്രീയത്തിൽ ഗുരുവും സഹതാരവുമായി തീർന്ന എം.ജി.ആറടക്കമുള്ളവർ ഇത് വിലയിരുത്തി. 

പക്ഷേ ഈ ദിശയിലായിരുന്നില്ല ജയലളിതയുടെ അഭിലാഷങ്ങൾ. കൂടുതൽ പഠിക്കണമെന്നും സിവിൽ സർവീസിൽ പ്രവേശിക്കണമെന്നൊക്കെയായിരുന്നു അവരുടെ മോഹം. എന്നാൽ അമ്മയുടെ നിർബന്ധപ്രകാരം താൻ സിനിമാലോകത്തെത്തിപ്പെട്ടേക്കാമെന്ന ബോധവും ആ സമയം അവർക്കുണ്ടായിരുന്നു. 

പഠനത്തിലുള്ള അവരുടെ അഭിരുചി അറിയാവുന്ന അടുപ്പമുള്ളയാളുകളെ ജയലളിത സിനിമാരംഗത്തേക്ക് പ്രവേശിച്ചത് സ്തബ്ധരാക്കി തീർത്തു. ഹൈസ്‌ക്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ജയലളിത ചെന്നൈയിലെ സ്റ്റെല്ലാ മേരീസ് കോളിൽ നിയമപഠനത്തിന് ചേർന്നിരുന്നു. എന്നാൽ സാമ്പത്തികപ്രതിസന്ധി മറികടക്കുന്നതിന് സിനിമാഭിനയത്തിലേക്ക് തിരിയാനും പഠിപ്പുപേക്ഷിക്കാനും അമ്മ സന്ധ്യ അവരെ നിർബന്ധിച്ചു. 

തുടക്കത്തിൽ സിനിമാഭിനയത്തോട് വൈമുഖ്യമുണ്ടായിരുന്നെങ്കിലും അഭിനയത്തിൽ അവർ നൈസർഗികശേഷി പ്രകടിപ്പിച്ചു. വെറും മൂന്ന് വയസ്സുള്ളപ്പോഴാണ് അവർ ഭരതനാട്യം പഠിക്കാനാരംഭിക്കുന്നത്. അക്കാലത്തെ മികച്ച നർത്തകപ്രതിഭകളിലൊരാളായ കെ.ജെ. സരസയുടെ കീഴിൽ ജയലളിത പെട്ടെന്നുതന്നെ ഒരു മികതമച്ച നർത്തകിയായിത്തീർന്നു. 

മൈലാപ്പൂരിലെ രസികരഞ്ജിനി സഭയിൽ അവർ അരങ്ങേറ്റം കുറിക്കുമ്പോൾ ശിവാജി ഗണേശനടക്കമുള്ള വമ്പൻ താരങ്ങൾ ഈ ചെറിയ പെൺകുട്ടിയുടെ പ്രതിഭ കണ്ടറിയുന്നതിനായി എത്തിച്ചേർന്നിരുന്നു. സിനിമാലോകത്ത് വലിയ ഒരു താരമാകും നിങ്ങളുടെ മകളെന്ന് അമ്മ സന്ധ്യയോട് ശിവാജി പറയുകയും ചെയ്തു. 

'വെൺനിറ ആടൈ' എന്ന അവിസ്മരണീയമായ തമിഴ് ചിത്രമായിരുന്നു തമിഴിലെ ആദ്യ ചിത്രം. പക്ഷെ എം.ജി.ആറിന്റെ ജോഡിയായി അഭിനയിച്ച ആയിരത്തിൽ ഒരുവനോടെയാണ് അവർ സൂപ്പർതാര പദവിയേക്ക് കുതിച്ചുയരുന്നത്. 

ക്ലാസിലെ ഏറ്റവും മികച്ച വിദ്യാർത്ഥി പിന്നീട് തമിഴ് സിനിമാലോകത്തെ അടക്കി വാണു. പിന്നീട് രാഷ്ട്രീയത്തിൽ വിജയം കൈവരിക്കുകയും അഞ്ചുതവണ തമിഴ്‌നാട് മുഖ്യമന്ത്രിയായി തീരുകയും ചെയ്തു. 

Related Stories

No stories found.
The News Minute
www.thenewsminute.com